

ഭിന്നശേഷിക്കാർക്ക് വീടു നിർമ്മിക്കുന്നതിനും വാങ്ങുന്നതിനും സാമൂഹ്യനീതി വകുപ്പിനു കീഴിൽ സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ മുഖേന നൽകി വരുന്ന ‘മെറിഹോം ’ഭവന വായ്പയുടെ പലിശ ഏഴു ശതമാനമാക്കി കുറച്ചതായി ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു. അമ്പതു ലക്ഷം രൂപ വരെയുള്ള വായ്പക്കാണ് പലിശ ഏഴു ശതമാനമാക്കി കുറച്ചത്.
പ്രോസസിങ് ചാർജ് ഇല്ലാതെ ഏറ്റവും ലളിതമായ നടപടിക്രമങ്ങളിലൂടെയാണ് ഭിന്നശേഷിക്കാർക്ക് മെറി ഹോം പദ്ധതിയിൽ വായ്പ നൽകി വരുന്നത്. ഭിന്നശേഷിക്കാർക്ക് ഈ ആവശ്യത്തിന് മറ്റെങ്ങും ലഭിക്കാത്ത കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭ്യമാക്കുന്ന സവിശേഷ പദ്ധതിയാണിത്. അർഹരായ മുഴുവൻ ഭിന്നശേഷിക്കാരിലും ഈ പദ്ധതിയുടെ വിവരമെത്താൻ സമൂഹശ്രദ്ധ ഉണ്ടാകണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.
വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ, പൂജപ്പുര, തിരുവനന്തപുരം 695012 എന്ന വിലാസത്തിൽ ബന്ധപ്പെടാം. www.hpwc.kerala.gov.in എന്ന വെബ്സൈറ്റിലും 0471 2347768, 9497281896 എന്നീ നമ്പറുകളിലും വിവരം ലഭിക്കും.