അശാസ്ത്രീയ മാലിന്യക്കൂനകള്‍ നീക്കി ഭൂമി വീണ്ടെടുക്കും; പദ്ധതി സംസ്ഥാനത്തെ 20 നഗരത്തിൽ

മാലിന്യക്കൂനകളെ ജനോപകാരപ്രദമായ കേന്ദ്രങ്ങളാക്കിമാറ്റാൻ പുതിയ വഴിയുമായി കേരള ഖരമാലിന്യ പരിപാലന പദ്ധതി (കെഎസ്ഡബ്ല്യുഎംപി). സംസ്ഥാനത്തെ നഗരപ്രദേശങ്ങളിൽ കാലങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യം നീക്കി ആ സ്ഥലം വിവിധ ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്താൻ ലോക ബാങ്കിന്റെ സഹായവുമുണ്ട്‌.

സ്ഥിരമായി മാലിന്യംതള്ളുന്ന സ്ഥലം വീണ്ടെടുത്ത് നഗരസഭയ്ക്ക് പ്രയോജനകരമാക്കുന്നതാണ് പദ്ധതി. സംസ്ഥാനത്താകെ 20 നഗരങ്ങളിലാണ് പദ്ധതി നടപ്പാക്കുക. ആദ്യഘട്ടത്തിൽ 12 നഗരസഭയിലും രണ്ടാംഘട്ടത്തിൽ എട്ട് നഗരസഭയിലും നടപ്പാക്കും. 100 കോടിയാണ് ചെലവ്‌ പ്രതീക്ഷിക്കുന്നത്‌. രണ്ട് ഘട്ടങ്ങളിലായി 60 ഏക്കർ വീണ്ടെടുക്കാനാകും.

കൂത്താട്ടുകുളം, കോതമംഗലം, മൂവാറ്റുപുഴ, വടക്കൻ പറവൂർ, കളമശേരി, കൊട്ടാരക്കര, കായംകുളം, വടകര, കൽപ്പറ്റ, ഇരിട്ടി, കൂത്തുപറമ്പ്, കാസർകോട്‌ എന്നീ നഗരങ്ങളെയാണ് ആദ്യഘട്ടത്തിൽ പദ്ധതിയിലേക്ക് തെരഞ്ഞെടുത്തത്. രണ്ടാം ഘട്ടത്തിൽ മാവേലിക്കര, കോട്ടയം, ചാലക്കുടി, കുന്നംകുളം, വടക്കാഞ്ചേരി, പാലക്കാട്, മലപ്പുറം, മഞ്ചേരി നഗരസഭകളും.

20 നഗരങ്ങളിലെ അശാസ്ത്രീയ മാലിന്യക്കൂനകളിലായി 4.30 ലക്ഷം മെട്രിക് ടൺ മാലിന്യമാണ് ഉള്ളത്. ഇത്‌ യന്ത്രസഹായത്തോടെ നീക്കി ജൈവ, അജൈവ മാലിന്യങ്ങളായി വേർതിരിക്കും. ജൈവമാലിന്യം കാർഷിക ആവശ്യങ്ങൾക്കും വളമായും പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ പുനഃചംക്രമണ പ്രവർത്തനങ്ങൾക്കായും ഉപയോഗപ്പെടുത്തും. ബയോ മൈനിങ്ങിനുള്ള ഏജൻസികൾക്കായി ഇ -ടെൻഡർ നടപടികളും ആരംഭിച്ചു.