മാനസിക പിരിമുറുക്കവും സമ്മർദ്ദവും ഒഴിവാക്കി ഉത്സാഹത്തോടെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ജീവനക്കാർക്കായി പുതിയ നിർദേശവുമായി കേന്ദ്ര സർക്കാർ. ഓഫീസ് സമയത്തിനിടയ്ക്ക് ‘വൈ-ബ്രേക്ക്’ (യോഗാ ബ്രേക്ക്)എടുക്കാനാണ് ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുള്ള നിർദേശം. ഓഫീസിൽ സ്വന്തം കസേരയിൽ ഇരുന്നുകൊണ്ട് യോഗ ചെയ്യുന്നതിനെയാണ് ‘വൈ-ബ്രേക്ക്’ കൊണ്ട് ഉദ്ദേശിക്കുന്നത്.
ജോലിസ്ഥലത്തെ സമ്മർദ്ദം ഒഴിവാക്കാനും ജീവനക്കാർ നവോന്മേഷത്തോടെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ലക്ഷ്യമിട്ടാണ് ആയുഷ് മന്ത്രാലയം ‘വൈ-ബ്രേക്ക്’ അവതരിപ്പിച്ചത്. ‘വൈ ബ്രേക്ക് അറ്റ് വര്‍ക്ക് പ്ലേസ്’ എന്ന പേരിലാണ് യോഗയെ പ്രോത്സാഹിപ്പിക്കാനുള്ള ഈ പരിപാടി. ഈ പുതിയ യോഗ പ്രോട്ടോക്കോൾ സ്വീകരിക്കാനും പ്രോത്സാഹിപ്പിക്കാനും കേന്ദ്ര സർക്കാർ എല്ലാ വകുപ്പുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് വൈ ആപ്പ് ആയുഷ് മന്ത്രാലയം പുറത്തിറക്കിയത്. എല്ലാ ജീവനക്കാരെയും ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യിച്ച് വൈ ബ്രേക്കിന്റെ ഭാഗമാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വൈ ബ്രേക്ക് എന്നാണ് ഈ ആപ്പിന്റെ പേര്. ഇത് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
യോഗ അഭ്യസിക്കാനുള്ള യൂട്യൂബ് ലിങ്കും ആയുഷ് മന്ത്രാലയം നല്‍കിയിട്ടുണ്ട്. ഓഫീസിലും അവിടെയുള്ള കസേരയില്‍ ഇരുന്ന് ചെയ്യാന്‍ കഴിയുന്നതുമായ യോഗ അഭ്യാസങ്ങളാണ് വീഡിയോയില്‍ ഉള്ളത്. ശ്വസനരീതികള്‍, ധ്യാനം, ആസനങ്ങള്‍ എന്നിവയെ കുറിച്ചുള്ള ലളിതമായ യോഗ പരീശലീനവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.