സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാവകുപ്പ് ഒറ്റ ദിവസം കൊണ്ട് 3340 പരിശോധനകൾ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇന്നലെ വൈകുന്നേരം 3 മണി മുതൽ ആരംഭിച്ച പരിശോധനകൾ രാത്രി 10.30 വരെ നീണ്ടു. 132 സ്പെഷ്യൽ സ്ക്വാഡുകൾ 1500 ലധികം വ്യത്യസ്ത സ്ഥലങ്ങളിലായുള്ള ഹോട്ടലുകൾ, ഷവർമ അടക്കമുള്ള ഹൈറിസ്ക് ഭക്ഷണങ്ങൾ തയ്യാറാക്കി വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് മിന്നൽ പരിശോധന നടത്തിയത്. ഭക്ഷ്യ സുരക്ഷാ പരിശോധനകൾ തുടരുന്നതാണ്.
ഭക്ഷ്യ സുരക്ഷാ കമ്മീഷണർ വി ആർ വിനോദ്, ജോയിന്റ് കമ്മീഷണർ ജേക്കബ് തോമസ് എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി. തിരുവനന്തപുരം- 392, കൊല്ലം- 227, പത്തനംതിട്ട- 118, ആലപ്പുഴ- 220, കോട്ടയം- 230, എറണാകുളം- 287, ഇടുക്കി- 103, തൃശൂർ- 303, പാലക്കാട്- 269, മലപ്പുറം- 388, കോഴിക്കോട്- 333, വയനാട് -76, കണ്ണൂർ- 289, കാസർഗോഡ്- 105 എന്നിങ്ങനെയാണ് പരിശോധന നടത്തിയത്. ഭക്ഷ്യ സുരക്ഷാ നിയമം പാലിക്കാത്ത 1335 സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിംഗ് നോട്ടീസും 135 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും ഉൾപ്പെടെ ആകെ 1470 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ഗുരുതര നിയമലംഘനം നടത്തിയ 25 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു. 385 ഷവർമ പരിശോധനകൾ നടത്തി. ആകെ 13 സർവൈലൻസ് സാമ്പിളുകൾ ശേഖരിച്ചു.
ജില്ലാതലത്തിലും, മേഖലാതലത്തിലും സംസ്ഥാനതലത്തിലും കൺട്രോൾ റൂമുകൾ സജ്ജമാക്കിയാണ് പരിശോധനകൾ ഏകോപിപ്പിച്ചത്. ഭക്ഷ്യ സുരക്ഷാ ഓഫീസറുടെ നേതൃത്വത്തിൽ മൂന്നംഗ സംഘമാണ് സ്പെഷ്യൽ സ്ക്വാഡിൽ ഉണ്ടായിരുന്നത്. പരിശോധനകളുടെ വേഗത ഉറപ്പുവരുത്തുന്നതിനായി പരിശോധിക്കേണ്ട വസ്തുതകൾ അടങ്ങിയ ചെക്ക് ലിസ്റ്റ്, പ്രത്യേക റൂട്ട് മാപ്പ് എന്നിവ തയ്യാറാക്കിയിരുന്നു.
സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ പ്രശ്നങ്ങൾ പൂർണമായി ഒഴിവാക്കുക, ഹോട്ടലുകളുടെയും ബേക്കറികളുടെയും ജ്യൂസ് സ്ഥാപനങ്ങളുടെയും നിലവാരം ഉയർത്തിക്കൊണ്ടു വരിക, എല്ലാവർക്കും ട്രെയിനിങ് നൽകുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തുക, സ്ഥാപനങ്ങളിലുള്ള പോരായ്മകൾ സ്ഥാപനത്തിന്റെ നടത്തിപ്പുകാരെ ബോധ്യമാക്കി സ്വയം തിരുത്തലുകൾക്ക് അവരെ സജ്ജമാക്കുക, സ്ഥാപനങ്ങളുടെ പരിസര ശുചിത്വവും വേസ്റ്റ് മാനേജുമെന്റും കുറ്റമറ്റതാക്കുക, സ്ഥാപനങ്ങളിൽ ജോലി നോക്കുന്നവർ ശുചിത്വം പാലിക്കുന്നതിന് അവരെ പര്യാപ്തരാക്കുക, കളറുകളും, ഗുണനിലവാരമില്ലാത്ത എണ്ണകളും ഉപയോഗിക്കുന്നതിൽ നിന്ന് സ്ഥാപനങ്ങളെ പിന്തിരിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയത്.