ഇരുപത്തിയൊൻപതാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്കുള്ള സംഘാടകസമിതി രൂപീകരിച്ചു. ഡിസംബർ 13 മുതൽ 20 വരെ 15 തിയേറ്ററുകളിലായാണ് മേള സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ രക്ഷാധികാരിയായ സംഘാടക സമിതിയിൽ 501 അംഗങ്ങളാണുള്ളത്.
ഇത്തവണത്തെ ചലച്ചിത്രമേളയിൽ സർക്കാർ നയത്തിന്റെ ഭാഗമായി മറ്റു പാക്കേജുകളോടൊപ്പം വനിതകളുടെ സിനിമകളുടെ പ്രത്യേക പാക്കേജും ഉൾപ്പെടുത്തും. മുൻ വർഷത്തെ പോലെ ഡെലിഗേറ്റുകൾക്ക് റിസർവേഷൻ സൗകര്യമുണ്ടായിരിക്കും. ആകെ സീറ്റിന്റെ 60 ശതമാനമാകും റിസർവ്ഡ് പാസുകൾ. പതിനഞ്ച് വേദികളിലായി 180 സിനിമകളാണ് ഇത്തവണത്തെ മേളയുടെ ഹൈലൈറ്റ്.
മേളയിൽ 4 വനിതാ സംവിധായകരുടെയും എട്ട് നവാഗത സംവിധായകരുടെയും ചിത്രങ്ങളുള്ളത് പ്രത്യാശ പകരുന്ന കാര്യമാണെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.
29 -ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ 20 മുതൽ ആരംഭിക്കും. വിദ്യാർഥികൾക്ക് ജിഎസ്‌ടി ഉൾപ്പെടെ 590രൂപയും പൊതുവിഭാഗത്തിന് ജിഎസ്‌ടി ഉൾപ്പെടെ 1180 രൂപയുമാണ്. 15 തിയേറ്ററുകളിലാണ് ഇത്തവണയും പ്രദർശനം. ഭിന്നശേഷിക്കാർക്ക് തിയേറ്ററിൽ പ്രവേശിക്കുന്നതിനായി റാമ്പ്, വീൽചെയർ സൗകര്യം ഒരുക്കും.