ഐഎഫ്എഫ്കെയ്‌ക്ക്‌ ഇന്ന് സമാപനം

29–-ാമത്‌ കേരള രാജ്യാന്തര ചലച്ചിത്രമേളയ്‌ക്ക്‌ (ഐഎഫ്‌എഫ്‌കെ) ഇന്ന്  സമാപനം. അവസാനദിനത്തിൽ പ്രേക്ഷകരെ കാത്തിരിക്കുന്നത് ഒന്നിനൊന്ന് മികച്ച 11 സിനിമ. സമാപന ചടങ്ങിനുശേഷം സുവർണചകോരം നേടുന്ന ചിത്രത്തിന്റെ പ്രദർശനം നിശാഗന്ധിയിൽ നടക്കും. സമാപന സമ്മേളനം വൈകിട്ട്‌ ആറിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.

സ്‌പിരിറ്റ്‌ ഓഫ്‌ സിനിമ പുരസ്‌കാം പായൽ കപാഡിയയ്‌ക്ക്‌ മുഖ്യമന്ത്രി സമ്മാനിക്കും. ഇത്തവണ 68  രാജ്യത്തെ ‌177 ചിത്രമാണ്‌ മേളയിൽ എത്തിയത്‌.

മികച്ച ചിത്രത്തിനുള്ള സുവർണ ചകോരത്തിന് അർഹമാവുന്ന സിനിമയ്ക്ക് 20 ലക്ഷം രൂപ ലഭിക്കും. രജത ചകോരത്തിന് അർഹമാവുന്ന ചിത്രത്തിന്റെ സംവിധാനത്തിന് നാലു ലക്ഷം രൂപയും രജതചകോരത്തിന് അർഹത നേടുന്ന നവാഗത സംവിധാന പ്രതിഭയ്ക്ക് മൂന്നു ലക്ഷം രൂപയും ലഭിക്കും. കെ.ആർ.മോഹനൻ എൻഡോവ്മെന്റ് അവാർഡ് നേടുന്ന ഇന്ത്യയിലെ മികച്ച നവാഗത സംവിധാന പ്രതിഭയ്ക്ക് ഒരു ലക്ഷം രൂപയും പ്രേക്ഷക പുരസ്‌കാരത്തിന് അർഹമാവുന്ന സിനിമയുടെ സംവിധാനത്തിന് രണ്ടു ലക്ഷം രൂപയും  ലഭിക്കും. സമാപന ചടങ്ങിനെ തുടർന്ന് സുവർണ ചകോരം നേടിയ ചിത്രം നിശാഗാന്ധിയിൽ പ്രദർശിപ്പിക്കും. സമാപനച്ചടങ്ങിനു മുന്നോടിയായി രാജേഷ് ചേർത്തലയുടെ ഓടക്കുഴൽ കച്ചേരി നടക്കും.