200-300 കോടി രൂപ ചിലവില്‍ ശക്തിമാന്‍ സിനിമയാകും, നിര്‍മ്മാണം സോണി: മുകേഷ് ഖന്ന

ശക്തിമാന്‍ സിനിമ ഉടന്‍ എത്തുമെന്ന് ശക്തിമാന്‍ സീരിയലിന്‍റെ സൃഷ്ടാവ് മുകേഷ് ഖന്ന. കഴിഞ്ഞ വർഷമാണ് സോണി പിക്‌ചേഴ്‌സ് ശക്തിമാന്‍ സിനിമ പ്രൊജക്ട് പ്രഖ്യാപിച്ചത്. ഐക്കണിക് സൂപ്പർഹീറോയെ തിരികെ കൊണ്ടുവരുന്ന മൂന്ന് ഭാഗമായാണ് ചിത്രം വരുന്നത് എന്നായിരുന്നു വിവരം. എന്നാല്‍ ഈ റിപ്പോര്‍ട്ടിന് ഔദ്യോഗിക സ്ഥിരീകരണം നൽകിയിരുന്നില്ല. രണ്‍വീര്‍ കപൂര്‍ ശക്തിമാന്‍ ആയേക്കും എന്നും വിവരങ്ങളുണ്ടായിരുന്നു.

ഇതിനിടയിൽ മുകേഷ് ഖന്ന തന്റെ യൂട്യൂബ് ചാനലായ ഭീഷ്മ വഴി ചിത്രം അന്താരാഷ്‌ട്ര തലത്തിലുള്ള പ്രൊഡക്ഷനായിരിക്കും എന്നാണ് പറഞ്ഞത്. “കരാർ ഒപ്പുവച്ചു. ഇത് വളരെ വലിയൊരു സിനിമയാണ്. 200-300 കോടി രൂപ ചെലവ് വരും, സ്പൈഡർമാൻ നിർമ്മിച്ച സോണി പിക്‌ചേഴ്‌സ് നിർമ്മിക്കും. പക്ഷേ അത് ചില സാങ്കേതിക കാരണങ്ങളാല്‍ വൈകും. ആദ്യം തടസം കൊവിഡായിരുന്നു. സിനിമ നടക്കും എന്ന് നേരത്തെ തന്നെ ഞാന്‍ ഈ ചാനലിലൂടെ അറിയിച്ചിരുന്നു” – മുകേഷ് ഖന്ന പറയുന്നു.

“എനിക്ക് ഇപ്പോള്‍ പറയാൻ കഴിയുന്നത് ശക്തിമാന്റെ ഗെറ്റപ്പിൽ ഞാൻ അഭിനയിക്കില്ല. ഒരു താരതമ്യവും വരാതിരിക്കാന്‍ വേണ്ടിയാണ് ഞാന്‍ അത് നിര്‍ത്തുന്നത്. പക്ഷേ സിനിമ വരുന്നുണ്ട്. വളരെ വേഗം തന്നെ അതിന്‍റെ ഫൈനല്‍ പ്രഖ്യാപനം ഉണ്ടാകും. ആരൊക്കെ അഭിനയിക്കും, ആരൊക്കെ സംവിധാനം ചെയ്യും എന്നതൊക്കെ നിങ്ങള്‍ക്ക് അപ്പോള്‍ മനസിലാകും” – മുകേഷ് ഖന്ന കൂട്ടിച്ചേര്‍ത്തു.

1997 സെപ്റ്റംബറിൽ ശക്തിമാൻ ദൂരദർശനിൽ സംപ്രേക്ഷണം ചെയ്യാൻ തുടങ്ങിയ സൂപ്പര്‍ ഹീറോ സീരിയലാണ് ശക്തിമാന്‍ 2005 മാർച്ച് വരെ അത് വിജയകരമായി സംപ്രേക്ഷണം ചെയ്തു.