സംസ്ഥാനത്ത് 17 തദ്ദേശ വാർഡിലേക്ക് വ്യാഴാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പിൽ 70.42 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ ഷാജഹാൻ അറിയിച്ചു. 13,974 പുരുഷന്മാരും 16,501 സ്ത്രീകളും ഉൾപ്പെടെ ആകെ 30,475 വോട്ടർമാരാണ് വോട്ട് ചെയ്തത്. വോട്ടെണ്ണൽ വെള്ളി രാവിലെ 10ന് വിവിധ കേന്ദ്രങ്ങളിൽ നടക്കും. ഫലം കമീഷന്റെ www.lsgelection.kerala.gov.in സൈറ്റിലെ TREND ൽ തൽസമയം ലഭ്യമാകും.
പതിനഞ്ച് പഞ്ചായത്ത് വാർഡിലേക്കും രണ്ട് ബ്ലോക്ക് ഡിവിഷനിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. യുഡിഎഫ്–- ഒമ്പത്, എൽഡിഎഫ്–- ഏഴ്, സ്വതന്ത്രൻ–- ഒന്ന് എന്നതാണ് നിലവിലെ കക്ഷിനില. ഉപതെരഞ്ഞെടുപ്പ് നടന്ന വാർഡുകൾ, നിലവിലെ കക്ഷി ക്രമത്തിൽ: കൊല്ലം തെന്മല പഞ്ചായത്തിലെ -ഒറ്റക്കൽ വാർഡ് (യുഡിഎഫ്), ആദിച്ചനല്ലൂർ പഞ്ചായത്തിലെ പുഞ്ചിരിച്ചിറ (എൽഡിഎഫ്), ആലപ്പുഴ -തലവടി പഞ്ചായത്തിലെ -കോടമ്പനാടി (യുഡിഎഫ്), കോട്ടയം -വൈക്കം ബ്ലോക്ക്പഞ്ചായത്തിലെ മറവൻതുരുത്ത് (എൽഡിഎഫ്), എറണാകുളം -ഏഴിക്കര പഞ്ചായത്തിലെ -വടക്കുംപുറം (എൽഡിഎഫ് ), വടക്കേക്കര പഞ്ചായത്തിലെ മുറവൻ തുരുത്ത് (യുഡിഎഫ്), മൂക്കന്നൂർ പഞ്ചായത്തിലെ കോക്കുന്ന് (സ്വതന്ത്രൻ), പള്ളിപ്പുറത്തെ പഞ്ചായത്ത് വാർഡ് (എൽഡിഎഫ്), തൃശൂർ -മാടക്കത്തറ പഞ്ചായത്തിലെ താണിക്കുടം (എൽഡിഎഫ്), പാലക്കാട് -പൂക്കോട്ട്കാവ് പഞ്ചായത്തിലെ താനിക്കുന്ന് (യുഡിഎഫ്), മലപ്പുറം -പെരിന്തൽമണ്ണ ബ്ലോക്ക്പഞ്ചായത്തിലെ ചെമ്മാണിയോട് (യുഡിഎഫ്), ചുങ്കത്തറ പഞ്ചായത്തിലെ കളക്കുന്ന് (യുഡിഎഫ്), തുവ്വൂർ പഞ്ചായത്തിലെ അക്കരപ്പുറം (യുഡിഎഫ്), പുഴക്കാട്ടിരി പഞ്ചായത്തിലെ കട്ടിലശേരി (യുഡിഎഫ്), കോഴിക്കോട് -വേളം പഞ്ചായത്തിലെ പാലോടിക്കുന്ന് (യുഡിഎഫ്), കണ്ണൂർ -മുണ്ടേരി പഞ്ചായത്തിലെ താറ്റിയോട് (എൽഡിഎഫ്), ധർമടം പഞ്ചായത്തിലെ പരീക്കടവ് (എൽഡിഎഫ് ).