ആലുവയിൽ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി കുറ്റക്കാരനെന്ന് കോടതി. പ്രതി ബിഹാർ സ്വദേശി അസഫാക്ക് ആലത്തിന് മേൽ ചുമത്തിയ 16 കുറ്റങ്ങളും തെളിഞ്ഞു. ശിക്ഷാവിധി വ്യാഴാഴ്ച എറണാകുളം പോക്സോ കോടതി വിധിക്കും. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾക്ക് പുറമെ കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ തുടങ്ങി 16 കുറ്റങ്ങളാണ് അസ്ഫാക്കിനെതിരെ ചുമത്തിയത്.
26 ദിവസം കൊണ്ട് അതിവേഗത്തിൽ വിചാരണ പൂർത്തിയാക്കി അതിവേഗം വിധി പറയുന്നുവെന്ന പ്രത്യേകതയും കേസിലുണ്ട്. 42 സാക്ഷികളെ കേസിന്റെ ഭാഗമായി കോടതിയിൽ വിസ്തരിച്ചിരുന്നു. കൃത്യം നടന്ന് 100ാം ദിവസമാണ് കോടതി വിധി പറയുന്നതെന്നതും പ്രത്യേകതയാണ്.
ജൂലൈ 28 നായിരുന്നു കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവം ഉണ്ടാകുന്നത്. ആലുവയിൽ അതിഥി തൊഴിലാളികളുടെ മകളായ അഞ്ച് വയസ്സുകാരിയെ ക്രൂര ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ പ്രത്യേകസംഘം രൂപീകരിച്ചായിരുന്നു അന്വേഷണം. 30 ദിവസത്തിനുള്ളിൽ കുറ്റപത്രം വന്നു. ഒക്ടോബർ 4ന് തുടങ്ങിയ വിചാരണ 26 ദിവസത്തിനുള്ളിൽ പൂർത്തിയാക്കി മിന്നൽ വേഗത്തിൽ വിധി പറയുന്നത്.