

രാജ്യത്ത് ആദ്യമായി പത്താംക്ലാസിലെ 4.3 ലക്ഷം കുട്ടികൾക്ക് റോബോട്ടിക്സ് സാങ്കേതികവിദ്യ പഠിക്കാൻ ഈ അദ്ധ്യയനവർഷം മുതൽ അവസരമൊരുക്കി പൊതുവിദ്യാഭ്യാസവകുപ്പ്.
ഐ.സി.ടി പാഠപുസ്തകം ഒന്നാം വാല്യത്തിൽ റോബോട്ടുകളുടെ ലോകം എന്ന അദ്ധ്യായത്തിലാണ് സർക്യൂട്ട് നിർമ്മാണം, സെൻസറുകളുടേയും ആക്ചുവേറ്ററുകളുടേയും ഉപയോഗം, കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് വഴി ഇലക്ട്രോണിക് ഉപകരണങ്ങളുടെ നിയന്ത്രണം എന്നിവയിലൂടെ റോബോട്ടിക്സ് ആശയങ്ങളും മാതൃകകളും പഠിപ്പിക്കുന്നത്.
കഴിഞ്ഞ വർഷം രാജ്യത്താദ്യമായി ഏഴാംക്ലാസിൽ നിർമ്മിതബുദ്ധി പഠിപ്പിച്ചിരുന്നു. ഇതിൻ്റെ തുടർച്ചയായി ഈ വർഷം 8, 9, 10 ക്ലാസിലും എ.ഐ പഠനം ഉൾപ്പെടുത്തി.
സ്കൂളുകൾക്ക് നൽകിയ റോബോട്ടിക് കിറ്റിലെ ആർഡിനോ ബ്രഡ് ബോർഡ്, ഐ. ആർ.സെൻസർ, സെർവോ മോട്ടോർ, ജമ്പർ വെയറുകൾ തുടങ്ങിയവ പ്രയോജനപ്പെടുത്തി കൈയുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന ഓട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്പെൻസർ തയ്യാറാക്കലാണ് കുട്ടികൾക്കുള്ള ആദ്യ പ്രവർത്തനം.
തുടർന്ന് എ.ഐ ഉപയോഗിച്ചുള്ള ഹോം ഓട്ടോമേഷൻ സംവിധാനത്തിലൂടെ മുഖം തിരിച്ചറിഞ്ഞ് സ്വയംതുറക്കുന്ന സ്മാർട്ട് വാതിലുകളും കുട്ടികൾ തയ്യാറാക്കും. ഇതിനായി പിക്ടോ ബ്ലോക്സ് സോഫ്ട് വെയറിലെ പ്രോഗ്രാമിംഗ് ഐ.ഡി.ഇയുടെ സഹായത്തോടെ ‘ഫേസ് ഡിറ്റക്ഷൻ ബിൽട്ട് ഇൻമോഡൽ’ ഉപയോഗിച്ച് മുഖം കണ്ടെത്താനും സ്കൂളുകൾക്ക് കൈറ്റ് നൽകിയ ലാപ്ടോപ്പിലെ വെബ്ക്യാം, ആർഡിനോകിറ്റ് തുടങ്ങിയവയുടെ സഹായത്തോടെ വാതിൽ തുറക്കാനും പരിശീലിക്കും.
പത്താം ക്ലാസിലെ പുതിയ ഐ.സി.ടി പാഠപുസ്തകത്തിന്റെ ആദ്യഘട്ട പരിശീലനം 9924 അദ്ധ്യാപകർക്ക് കൈറ്റ് നൽകി. ജൂലായിൽ റോബോട്ടിക്സിൽ പരിശീലനം നൽകും. സംസ്ഥാന സിലബസിലുള്ള സ്കൂളുകൾക്ക് ആവശ്യമായ റോബോട്ടിക് കിറ്റുകൾ ലഭ്യമാക്കുമെന്ന് കൈറ്റ് സി.ഇ.ഒ യും ഐ.സി.ടി പാഠപുസ്തകസമിതി ചെയർമാനുമായ കെ. അൻവർ സാദത്ത് അറിയിച്ചു. മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ മാദ്ധ്യമങ്ങളിലായി ഐ.സി.ടി പാഠപുസ്തകം ലഭ്യമാക്കുന്നുണ്ട്.