നവംബർ വരെ രാജ്യത്ത് 10,006 പ്രധാൻമന്ത്രി ഭാരത് ജൻ ഔഷധി കേന്ദ്രങ്ങൾ ആരംഭിച്ചതായി കേന്ദ്ര രാസവള സഹമന്ത്രി ഭഗവൻത് ഖുബ പാർലമെന്റിൽ അറിയിച്ചു. ഇതിൽ 970 കേന്ദ്രങ്ങൾ കേരളത്തിലാണ്. ജൻ ഔഷധി കേന്ദ്രങ്ങളുടെ എണ്ണത്തിൽ കേരളം രാജ്യത്ത് മൂന്നാം സ്ഥാനത്തും, വിൽപ്പനയിൽ രണ്ടാം സ്ഥാനത്തുമാണെന്ന് മന്ത്രി പറഞ്ഞു.
കേരളത്തിൽ കൂടുതൽ ജൻ ഔഷധി കേന്ദ്രങ്ങൾ ആരംഭിക്കുന്നത് സംബന്ധിച്ച് അബ്‌ദുസ്സമദ് സമദാനിയുടെ ചോദ്യത്തിനു രേഖാമൂലമുള്ള മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.
കേരളം ഉൾപ്പെടെ രാജ്യത്തുടനീളം ജൻ ഔഷധി കേന്ദ്രങ്ങൾ ആരംഭിക്കാൻ ഓൺലൈനിലൂടെ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഒരു കിലോമീറ്റർ അകലം പാലിക്കണമെന്ന മാനദണ്ഡ പ്രകാരം നഗര, ഗ്രാമപ്രദേശങ്ങളിൽ സംരംഭകർക്ക് ആരംഭിക്കാമെന്നും മറുപടിയിലുണ്ട്.