കെ.എസ്.ആര്‍.ടി.സി.യുടെ കുത്തകപാതകളില്‍ അനധികൃതമായി ഓടുന്ന സ്വകാര്യ ബസുകള്‍ (കോണ്‍ട്രാക്ട് കാരേജ്) പിടികൂടിയില്ലെങ്കില്‍ ആര്‍.ടി.ഒ.മാര്‍ക്കെതിരേ കര്‍ശനനടപടിയുണ്ടാകുമെന്ന് ഗതാഗതസെക്രട്ടറി ബിജു പ്രഭാകര്‍ മുന്നറിയിപ്പുനല്‍കി. റൂട്ട് പെര്‍മിറ്റ് വ്യവസ്ഥകള്‍ ലംഘിച്ചോടുന്ന സ്വകാര്യ ബസുകളെ ചില ഉദ്യോഗസ്ഥര്‍ സഹായിക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണിത്.
അനധികൃത സര്‍വീസുകള്‍ക്കെതിരേയുള്ള പരാതികളില്‍ ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്ന നടപടികള്‍ നിരീക്ഷിക്കാനും ഒരുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ടുനല്‍കാനും ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ എസ്. ശ്രീജിത്തിന് നിര്‍ദേശവുംനല്‍കി.
സംസ്ഥാനത്തിനുള്ളില്‍ ദീര്‍ഘദൂരബസുകള്‍ ഓടിക്കാന്‍ കെ.എസ്.ആര്‍.ടി.സി.ക്ക് മാത്രമാണ് അനുമതി. എന്നാല്‍, ഒട്ടേറെ ടൂറിസ്റ്റ് ബസുകള്‍ റൂട്ട് ബസുകള്‍പോലെ ഓടുന്നുണ്ട്. മാസം 30 കോടിരൂപയുടെ വരുമാനനഷ്ടമാണ് ഇതുകാരണം കെ.എസ്.ആര്‍.ടി.സി.ക്കുണ്ടാക്കുന്നത്.