ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭം നേടി കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (സിയാൽ ) കുതിക്കുന്നു. വിമാനത്താവള കമ്പനിയുടെ 25 വര്‍ഷത്തെ പ്രവര്‍ത്തന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ലാഭവും ലാഭവിഹിതവുമാണ് ഇത്തവണ നേടിയത്. 2022- 23 ലെ വരവ് – ചെലവ് കണക്കിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ തിങ്കളാഴ്ച ചേര്‍ന്ന ഡയറക്ടര്‍ബോര്‍ഡ് യോഗം അംഗീകാരം നല്കി. 267.17 കോടി രൂപയാണ് സിയാലിന്റെ അറ്റാദായം. നിക്ഷേപകര്‍ക്ക് 35 ശതമാനം റെക്കോര്‍ഡ് ലാഭവിഹിതം നല്‍കാനും ബോര്‍ഡ് ശുപാര്‍ശ ചെയ്തു. കോവിഡാനന്തര വർഷത്തിൽ ലാഭം നേടിയ ഇന്ത്യയിലെ ഒരേയൊരു വിമാനത്താവളമാണ് സിയാൽ.
കോവിഡിന്റെ പ്രത്യാഘാതത്തില്‍ 2020- 21 കാലഘട്ടത്തില്‍ 85.10 കോടിരൂപ നഷ്ടമുണ്ടാക്കിയ സിയാല്‍, കോവിഡാനന്തരം നടപ്പാക്കിയ സാമ്പത്തിക/ഓപ്പറേഷണല്‍ പുനക്രമീകരണ നടപടികളുടെ ഫലമായി 2021-22 കാലഘട്ടത്തില്‍ 22.45 കോടി രൂപ ലാഭം നേടിയിരുന്നു. പുതിയ വരുമാന മാര്‍ഗങ്ങള്‍ ഫലം കാണാന്‍ തുടങ്ങിയതോടെ 2021 -22 വര്‍ഷം 418.69 കോടി വരുമാനം നേടിയിരുന്നു.
തിങ്കളാഴ്ച ബോര്‍ഡ് അംഗീകരിച്ച കണക്ക് പ്രകാരം 2022 -23-ല്‍ മൊത്തവരുമാനം 770.90 കോടി രൂപയായി ഉയര്‍ന്നു. തേയ്മാനച്ചെലവ്, നികുതി, പലിശ തുടങ്ങിയവ ഉള്‍പ്പെടുത്തിയുള്ള കണക്കില്‍ സിയാല്‍ നേടിയ പ്രവര്‍ത്തന ലാഭം 521.50 കോടി രൂപയാണ്. ഇവയെല്ലാം കിഴിച്ചുള്ള അറ്റാദായം 267.17 കോടി രൂപയും. 2022-23-ല്‍ സിയാലിലെ യാത്രക്കാരുടെ എണ്ണം 89.29 ലക്ഷമായി ഉയര്‍ന്നിരുന്നു. 61232 വിമാനസര്‍വീസുകളും സിയാല്‍ കൈകാര്യം ചെയ്തിട്ടുണ്ട്. കൂടാതെ സിയാലിന്റെ നൂറുശതമാനം ഓഹരിയുള്ള ഉപകമ്പനികളുടേയും സാമ്പത്തിക പ്രകടനം മെച്ചപ്പെട്ടിട്ടുണ്ട്.