സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ യുഎസിലെ ക്ലോഡിയ ഗോള്‍ഡിന്

സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ഇത്തവണ യുഎസ് സാമ്പത്തിക ശാസ്ത്രജ്ഞ ക്ലോഡിയ ഗോള്‍ഡിന്‍ നേടി. തൊഴില്‍ മേഖലയിലെ സ്ത്രീകളെ കുറിച്ചുള്ള പഠനത്തിനാണ് പുരസ്‌കാരം. ആല്‍ഫ്രഡ് നൊബേലിന്റെ സ്മരണക്കായി, സാമ്പത്തിക ശാസ്ത്രത്തിനുള്ള സ്വെറിജസ് റിക്‌സ്ബാങ്ക് പ്രൈസ് എന്ന് ഔദ്യോഗികമായി നാമകരണം ചെയ്തിട്ടുള്ളതാണ് പുരസ്‌കാരാം. ഒമ്പത് ലക്ഷം ഡോളറാണ് സമ്മാനതുക.

അമേരിക്കന്‍ സാമ്പത്തിക വിദഗ്ധയും ചരിത്രകാരിയുമാണ് ഗോള്‍ഡിന്‍. നിലവില്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ സാമ്പത്തിക ശാസ്ത്ര വിഭാഗം പ്രൊഫസറാണ്. സ്ത്രീ തൊഴില്‍ ശക്തി, ലിംഗഭേദം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് പ്രധാനമായും ഗവേഷണങ്ങള്‍. വരുമാന അസമത്വം, വിഭ്യാഭ്യാസം, കുടിയേറ്റം എന്നിവയുമായി ബന്ധപ്പെട്ടും നിരവധി പഠനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2013-14 അധ്യയനവര്‍ഷത്തില്‍ അമേരിക്കന്‍ ഇക്കണോമിക്‌സ്‌ അസോസിയേഷന്റെ പ്രസിഡന്റായിരുന്നു ഗോള്‍ഡിന്‍.