സംസ്ഥാനത്തെ അതിർത്തി ചെക്ക് പോസ്റ്റുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. ഓണക്കാലത്തോടനുബന്ധിച്ച് 9 അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും എക്സൈസ് വകുപ്പിന്റെ 39 അതിർത്തി ചെക്ക് പോസ്റ്റുകളിലും മൃഗസംരക്ഷണ വകുപ്പിന്റെ 19 കന്നുകാലി ചെക്ക് പോസ്റ്റിലും മോട്ടോര്‍ വാഹന വകുപ്പിന്റെ 12 ചെക്ക് പോസ്റ്റുകളിലുമാണ് പരിശോധന.
‘ഓപ്പറേഷൻ ട്രഷർ ഹണ്ട്’ എന്ന പേരിൽ പുലർച്ചെ 5.30നാണ് പരിശോധന ആരംഭിച്ചത്. ഓണക്കാലത്ത് യാതൊരു പരിശോധനയും കൂടാതെ, കൈക്കൂലി വാങ്ങിച്ച് വാഹനങ്ങള്‍ കടത്തിവിടുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. പാറശാല ആര്‍ടിഒ ചെക്ക് പോസ്റ്റില്‍ നിന്നും 11,900 രൂപ പിടിച്ചെടുത്തിട്ടുണ്ട്.
തൊട്ടടുത്ത ടയർ കടയില്‍ സൂക്ഷിച്ചിരുന്ന പണമാണ് വിജിലന്‍സ് പിടിച്ചെടുത്തത്. ടയറിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. വാളയാർ ബോർഡർ ചെക്ക് പോസ്റ്റിൽ നിന്ന് 85,000 രൂപ പിഴയിടാക്കി. മതിയായ പരിശോധനകൾ ഇല്ലാതെ വാഹനങ്ങൾ കടത്തി വിട്ടതിനാണ് പിഴ. വേലന്താവളം ചെക്ക് പോസ്റ്റിൽ നിന്ന് നാലായിരം രൂപയും പിടിച്ചു.