വോട്ടര്‍ പട്ടിക പുതുക്കാന്‍ സമയമായി; അറിയേണ്ടതെല്ലാം

പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്റെ പ്രാരംഭ നടപടികള്‍ ആരംഭിച്ചു. 2024 ജനുവരി ഒന്നാണ് യോഗ്യതാ തീയതി. ഇതിന്റെ ഭാഗമായി വോട്ടര്‍ പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കാനും ആധാറും വോട്ടര്‍ ഐ.ഡിയും ബന്ധിപ്പിക്കുന്നതിനും വോട്ടര്‍ ഐ.ഡിയിലെ തെറ്റുകള്‍ തിരുത്തുന്നതിനും ഭിന്നശേഷിക്കാരെ ഉള്‍പ്പെടുത്താനും അവസരമുണ്ടാകും. വോട്ടര്‍മാരെ സഹായിക്കാനായി ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വീടുകളിലെത്തും. ഇത് കൂടാതെ സ്വന്തമായും ഫോമുകള്‍ സമര്‍പ്പിക്കാവുന്നതാണ്. കൂടാതെ 17 വയസ്സ് തികഞ്ഞവര്‍ക്കും അപേക്ഷിക്കാവുന്നതാണ്.

17 തികഞ്ഞവര്‍ക്ക് അപേക്ഷിക്കാൻ

17 വയസ് പൂര്‍ത്തിയായവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാൻ മുൻകൂറായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷ സമര്‍പ്പിച്ച ശേഷം ജനുവരി 1, ഏപ്രില്‍ 1, ജൂലൈ 1, ഒക്ടോബര്‍ 1 എന്നീ നാല് തീയതികളില്‍ എന്നാണോ 18 വയസ് പൂര്‍ത്തിയാകുന്നത്, ആ തീയതി അനുസരിച്ച്‌ അപേക്ഷ പരിശോധിക്കുകയും വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുകയും ചെയ്യും. ഇതിനുശേഷമായിരിക്കും തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കുക.

അന്തിമ വോട്ടര്‍പട്ടിക

സ്‌പെഷ്യല്‍ സമ്മറി റിവിഷന്റെ ഭാഗമായുള്ള കരട് വോട്ടര്‍ പട്ടിക 2023 ഒക്ടോബര്‍ 17ന് പ്രസിദ്ധീകരിക്കും. കരട് പട്ടികയിലുള്ള അവകാശങ്ങളും ആക്ഷേപങ്ങളും ഉന്നയിക്കുന്നതിന് 30-11-2023 വരെ സമയം അനുവദിച്ചിട്ടുണ്ട്. 2024 ജനുവരി 1 യോഗ്യതാ തീയതിയായുള്ള അന്തിമ വോട്ടര്‍ പട്ടിക 2024 ജനുവരി അഞ്ചിന് പ്രസിദ്ധീകരിക്കും. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അര്‍ഹതയുള്ള എല്ലാ ആളുകളെയും ഉള്‍പ്പെടുത്തി കുറ്റമറ്റ വോട്ടര്‍ പട്ടിക തയാറാക്കാനാണ് ശ്രമം. ഇതിനായി വീടുകള്‍ സന്ദര്‍ശിക്കുന്ന ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ നല്‍കുന്നതിന് പൊതുജനങ്ങളുടെ സഹകരണം വേണമെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അഭ്യര്‍ഥിച്ചു.

ഓണ്‍ലൈനായി ഫോമുകള്‍ സ്വയം സമര്‍പ്പിക്കാം

ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിന്, വോട്ടേഴ്‌സ് സര്‍വീസ് പോര്‍ട്ടല്‍, വോട്ടര്‍ ഹെല്പ് ലൈൻ ആപ്പ്, www.voters.eci.gov.in എന്ന വെബ്‌സൈറ്റോ ഉപയോഗപ്പെടുത്താവുന്നതാണ്. www.ceokerala.gov.in സന്ദര്‍ശിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ അറിയാൻ സാധിക്കും.

അപേക്ഷ ഫോറങ്ങള്‍

▪️ഫോം 6 – പുതുതായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന്

▪️ഫോം 6 എ പ്രവാസികള്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന്

▪️ഫോം 6 ബി ആധാര്‍ നമ്പര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്നതിന്

▪️ഫോം 7 – വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ ആക്ഷേപം ഉന്നയിക്കുന്നതിന്/പട്ടികയില്‍ നിന്ന് പേര് ഒഴിവാക്കുന്നതിന്

▪️ഫോം 8 – തെറ്റ് തിരുത്തുന്നതിന്, മേല്‍വിലാസം മാറ്റുന്നതിന്, കാര്‍ഡ് മാറ്റി ലഭിക്കുന്നതിന്, ഭിന്നശേഷിക്കാരെ അടയാളപ്പെടുത്തുന്നതിന്.