മലയാള സാഹിത്യത്തെ സാധാരണക്കാരന്റെ ജീവിതത്തോട് ചേര്‍ത്തുനിര്‍ത്തിയ കഥാകാരനാണ് ബേപ്പൂര്‍ സുല്‍ത്താന്‍ എന്ന വൈക്കം മുഹമ്മദ് ബഷീര്‍. ലളിതമായ ഭാഷയിൽ ഗഹനമായ ജീവിതയാഥാർത്ഥ്യങ്ങൾ പറഞ്ഞ ബഷീർ മലയാളിയുടെ എക്കാലത്തെയും പ്രിയപ്പെട്ട എഴുത്തുകാരനാണ്.
ആധുനിക മലയാളസാഹിത്യത്തിൽ ഏറ്റവും അധികം വായിക്കപ്പെട്ട എഴുത്തുകാരിൽ ഒരാൾ. കുട്ടിക്കാലം മുതൽ രസകരവും സാഹസികവുമായിരുന്നു ആ ജീവിതം.
അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ഗാന്ധിജിയെ കാണാൻ വൈക്കത്തെ വീട്ടിൽ നിന്നും കോഴിക്കോട്ടെത്തിയ ബഷീർ സ്വാതന്ത്ര്യസമരത്തിൽ എത്തിപ്പെട്ടു. ഗാന്ധിജിയെ ആരാധിച്ച ബഷീർ ഉപ്പുസത്യഗ്രഹത്തിൽ പങ്കെടുത്ത് ജയിലിലായി.
വൈക്കത്തിനടുത്തുള്ള തലയോലപ്പറമ്പില്‍ നിന്ന് പുറപ്പെട്ട് ലോകം മുഴുവന്‍ ചുറ്റി ഒടുവില്‍ ബേപ്പൂരിലെ മാങ്കോസ്‌റ്റൈന്‍ തണലിലിരുന്ന് വൈക്കം മുഹമ്മദ് ബഷീര്‍ സൃഷ്ടിച്ചെടുത്ത ഓരോ കൃതിയും മലയാളിയുടെ അഹങ്കാരമായി മാറി.
പ്രേമലേഖനം, ബാല്യകാലസഖി, ന്റുപ്പാപ്പക്കൊരാനേണ്ടാർന്നു, ആനവാരിയും പൊൻകുരിശും, വിശ്വവിഖ്യാതമായ മൂക്ക്, അങ്ങനെ എത്രയോ കൃതികൾ. അവയിൽ പലതും മറ്റുഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടു. മതിലുകൾ, നീലവെളിച്ചം തുടങ്ങിയ രചനകൾ സിനിമകളായി. അലക്കിത്തേച്ച വടിവൊത്ത ഭാഷയായിരുന്നില്ല ബഷീറിന്റേത്.. സാമാന്യഭാഷ അറിയുന്ന ആര്‍ക്കും ബഷീറിന്റെ രചനാശൈലി അതീവഹൃദ്യമാണ്.