വൈക്കം താലൂക്കിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളംകയറി

തോരാമഴയിൽ വൈക്കത്തിന്റെ താഴ്ന്നമേഖലകളിൽ വെള്ളംകയറി. ഒട്ടേറെ വീടുകൾ വെള്ളത്തിലായി. തലയോലപ്പറമ്പ് പഞ്ചായത്തിലെ പഴംപെട്ടി, കോരിക്കൽ, മുണ്ടോടി, മുട്ടുങ്കൽ പ്രദേശങ്ങളിൽ വെള്ളംകയറി. 50-ലധികം വീടുകൾ വെള്ളത്തിലായി.

ഉദയനാപുരം പഞ്ചായത്തിലെ പടിഞ്ഞാറേക്കര, വാഴമന ഭാഗങ്ങളിലെ മിക്ക വീടുകളിലും വെള്ളംകയറി. ഇവിടെ പാടശേഖരങ്ങളിലുള്ള വീടുകളിലാണ് ആദ്യം വെള്ളംകയറിയത്. വെള്ളം ഉയരുമെന്ന മുന്നറിയിപ്പിനെ തുടർന്ന് വീടുകളിലുള്ളവർ ബന്ധുവീടുകളിലും മറ്റ് സുരക്ഷിത സ്ഥലങ്ങളിലേക്കും മാറി.

മൂവാറ്റുപുഴയാറ്റിലും കരിയാറ്റിലും കെ.വി.കനാലിലും ജലനിരപ്പ് ഉയർന്നു. ഇടത്തോടുകളെല്ലാം കരകവിഞ്ഞു. പ്രധാന റോഡുകളിലും ഇടറോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടു.