അന്തഃസംസ്ഥാന പാതകളിൽ സ്വകാര്യ ബസുകളുടെ മത്സരം നേരിടാൻ കെ.എസ്.ആർ.ടി.സി. 151 ബസുകൾ വാങ്ങുന്നു. പദ്ധതിവിഹിതമായി സർക്കാർ നൽകിയ 75 കോടി രൂപയാണ് ഉപയോഗിക്കുക. പുതിയ ബസുകൾ സ്വിഫ്റ്റിന് നൽകാനാണ് സാധ്യത. സൂപ്പർ ഫാസ്റ്റായി ഓടിക്കാൻ അശോക് ലെയ്ലൻഡിൽനിന്ന് കഴിഞ്ഞ ദിവസം 131 ബസുകൾക്ക് കരാർ നൽകി.
നേരത്തേ ഏർപ്പെട്ട കരാറിന്റെ തുടർച്ചയാണിത്. വീണ്ടും ടെൻഡർ നടപടികളുടെ ആവശ്യമില്ല. ബോഡി നിർമിച്ചു കിട്ടുന്നതിനുള്ള കാലതാമസം മാത്രമാണുള്ളത്. മുൻകരാർപ്രകാരം ബെംഗളൂരൂ ആസ്ഥാനമായ പ്രകാശിലാണ് കോച്ച് നിർമിച്ചത്. ഇതേ രീതി തുടരും. അനിശ്ചിതത്വങ്ങൾക്കൊടുവിൽ കഴിഞ്ഞ ദിവസമാണ് സർക്കാർ തുക അനുവദിച്ചത്. വൈകിയിരുന്നെങ്കിൽ ലെയ്ലൻഡുമായുള്ള മുൻകരാർ തുടരാൻ കഴിയില്ലായിരുന്നു. വീണ്ടും ടെൻഡർ വിളിച്ച് ഇപ്പോഴത്തെ വിലയ്ക്ക് വാങ്ങേണ്ടി വരുമായിരുന്നു.
നഗരങ്ങളെ ബന്ധിപ്പിച്ച് രാത്രിയാത്രകൾക്ക് 20 ആഡംബര ബസുകൾകൂടി വാങ്ങുന്നുണ്ട്. സ്ലീപ്പർ, സെമിസ്ലീപ്പർ സീറ്റർ വിഭാഗത്തിൽപ്പെട്ട ബസുകൾ വാങ്ങുന്നതിന് സാങ്കേതികസമിതി രൂപവത്കരിച്ചു. സമിതി റിപ്പോർട്ട് ഉടൻ നൽകും. ഭാരത് ബെൻസ്, വോൾവോ, അശോക് ലെയ്ലൻഡ് എന്നീ കമ്പനികളാണ് പരിഗണനയിലുള്ളത്. ഏപ്രിലിൽ വാങ്ങിയ 133 സൂപ്പർഫാസ്റ്റുകളാണ് സ്വിഫ്റ്റിന്റെ പ്രധാന വരുമാനമാർഗം. 25000-45000 രൂപയ്ക്കിടയ്ക്ക് പ്രതിദിന വരുമാനം ഇവയ്ക്കുണ്ട്.
ദേശസാത്കൃത റൂട്ടുകളിൽ ഓൾ ഇന്ത്യ പെർമിറ്റിലുള്ള ബസുകളുടെ ഓട്ടത്തിനെതിരേ കെ.എസ്.ആർ.ടി.സി. രംഗത്തെത്തിയിരുന്നു. അനധികൃതമായി സർവീസ് നടത്തുന്ന ഇത്തരം സ്വകാര്യ ബസുകൾക്കെതിരേ മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന് കെ.എസ്.ആർ.ടി.സി. വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു. കേന്ദ്ര പെർമിറ്റ് നേടിയ ബസുകൾക്ക് ഏതു റൂട്ടിലും ഓടാമെന്ന നിലപാടാണ് മോട്ടോർ വാഹന വകുപ്പ് സ്വീകരിച്ചതെന്ന വിലയിരുത്തലുകളും ഉണ്ടായിരുന്നു.
2004-ലെ സുപ്രീം കോടതി വിധിയിൽ കോൺട്രാക്റ്റ് – റൂട്ട് ബസുകളെക്കുറിച്ച് കൃത്യമായ നിർവചനമുണ്ടെന്ന് കെ.എസ്.ആർ.ടി.സി. ചൂണ്ടിക്കാട്ടുന്നു. കോൺട്രാക്റ്റ് കാര്യേജ് ബസുകൾക്ക് ഒറ്റ നികുതിയിൽ അന്തഃസംസ്ഥാന യാത്ര നടത്താനുള്ള അനുമതിയാണ് ഓൾ ഇന്ത്യാപെർമിറ്റിലൂടെ ലഭിക്കുന്നത്. നികുതിയടയ്ക്കുന്നതിന് ചെക്പോസ്റ്റുകളിൽ കാത്തുകിടക്കുന്നത് ഒഴിവാക്കാനാണ് ഇത്. സ്ഥിരമായ യാത്രാസമയം, റൂട്ട് എന്നിവ പരസ്യപ്പെടുത്തി ഓടാനും യാത്രക്കാർക്ക് പ്രത്യേകം ടിക്കറ്റ് നൽകാനും റൂട്ട് ബസുകൾക്ക് മാത്രമാണ് അനുമതിയുള്ളത്.