ലഹരിവസ്‌തുക്കളുടെ ഉപയോഗവും വിൽപ്പനയും തടയാൻ കോട്ടയം ജില്ലയിൽ പോലീസ് നടത്തിയ സ്‌പെഷ്യൽ ഡ്രൈവിൽ 13 പേരെ അറസ്റ്റ് ചെയ്‌തു. എൻഡിപിഎസ് ആക്ട് പ്രകാരം 28ഉം അബ്കാരി ആക്ട് പ്രകാരം 39ഉം കോട്പ പ്രകാരം 35ഉം കേസുകളെടുത്തു. ഇവയടക്കം ആകെ 172 കേസുകളാണ് രജിസ്‌റ്റർ ചെയ്‌തത്. ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ നടത്തിയ സ്‌പെഷ്യൽ ഡ്രൈവിൽ ജില്ലയിലെ എല്ലാ ഡിവൈഎസ്‌പിമാരും എസ്എച്ച്ഒമാരെയും പങ്കെടുത്തു.
വാറണ്ട് കേസിൽ ഒളിവിൽ കഴിയുന്ന പ്രതികൾക്കായും കാപ്പാ ചുമത്തിയ പ്രതികൾക്കായും ലോഡ്‌ജുകൾ, ഹോം സ്റ്റേകൾ എന്നിവിടങ്ങളിൽ പ്രത്യേക പരിശോധനയും നടത്തി. വാറണ്ട് കേസുകളിൽ ഒളിവിൽ കഴിഞ്ഞിരുന്ന 315 പേരെ അറസ്റ്റ് ചെയ്തു. കൂടാതെ കോടതി ശിക്ഷ വിധിച്ചതിനുശേഷം ഒളിവിൽ കഴിയുകയായിരുന്ന 11 പേരെയും പിടികൂടി.
മുന്നൂറോളം ഗുണ്ടകളെ പരിശോധിക്കുകയും 60 പേരെ കരുതൽ തടങ്കലിലാക്കുകയും ചെയ്തു. കോട്ടയം ജില്ലയിലെ ബസ്‌സ്റ്റാൻഡുകൾ, മാർക്കറ്റുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവ കേന്ദ്രീകരിച്ച് പ്രത്യേകം മഫ്തി പോലീസിനെയും ബൈക്ക് പട്രോളിങ്ങും ജില്ലാ അതിർത്തികൾ കേന്ദ്രീകരിച്ച് പ്രത്യേകം വനിതാ പോലീസ് ഉദ്യോഗസ്ഥരെയും സ്‌പെഷ്യൽ ഡ്രൈവിന് നിയോഗിച്ചിരുന്നു.