രാജ്യത്തെ സ്കൂളുകളിലെല്ലാം യോഗ പരിശീലകരെ നിയമിക്കുന്നത് നിർബന്ധമാക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. യോഗയുമായി ബന്ധപ്പെട്ട തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനു കൂടിയാണ് ആയുഷ്-വിദ്യാഭ്യാസ മന്ത്രാലയങ്ങളുടെ സംയുക്ത നടപടി. എൻ.സി.ഇ.ആർ.ടി. പാഠ്യപദ്ധതിയിൽ നേരത്തേതന്നെ യോഗ പാഠഭാഗങ്ങളുണ്ട്.
ഡൽഹി, ഗോവ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ പ്രത്യേക യോഗപരിശീലകരും പ്രതിദിന ക്ലാസും ഇപ്പോഴുണ്ട്. സംസ്ഥാന സർക്കാരുകളാണിത് നടത്തുന്നത്. ഈ മാതൃകയാണ് രാജ്യത്താകെ നടപ്പാക്കുകയെന്നും മന്ത്രി വ്യക്തമാക്കി.
ഉന്നതവിദ്യാഭ്യാസരംഗത്തെ ആർട്സ്, മെഡിക്കൽ, എൻജിനിയറിങ് പാഠ്യപദ്ധതികളുടെ ഭാഗമാണിപ്പോൾ യോഗ. ദേശീയ വിദ്യാഭ്യാസനയപ്രകാരമുള്ള നാലുവർഷ ബിരുദ കോഴ്സുകളിൽ യോഗപഠനത്തിന് പ്രത്യേക ക്രെഡിറ്റും യു.ജി.സി. നൽകുന്നുണ്ട്.
യോഗാസനത്തെ നേരത്തേ കായികമന്ത്രാലയം മത്സര കായിക ഇനമാക്കി മാറ്റിയിരുന്നു. ഇത് വിപുലീകരിക്കുന്നതിനുള്ള നടപടികൾ കായികമന്ത്രാലയവുമായി ചേർന്ന് ആയുഷ് മന്ത്രാലയം തുടങ്ങി. സ്കൂൾ, സർവകലാശാല, സംസ്ഥാന, ദേശീയ കായികമത്സരങ്ങളിൽ യോഗാസനം ഉൾപ്പെടുത്തും. ഇന്ത്യൻ പ്രൊഫഷണൽ ഫുട്‌ബോൾ ലീഗായ ഇന്ത്യൻ സൂപ്പർ ലീഗിന്റെ മാതൃകയിൽ യോഗ സ്പോർട്‌സ് ലീഗുകളും ഒരുക്കും.
യോഗയെ ഒരു മത്സര കായിക വിനോദമായി വികസിപ്പിക്കുന്നതിന് കായികമന്ത്രാലയത്തിനുകീഴിൽ യോഗാസന സ്പോർട്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എൻ.വൈ.എസ്.എഫ്.ഐ.) സ്ഥാപിച്ചിട്ടുണ്ട്. മറ്റ് ഫെഡറേഷനുകളെപ്പോലെ എൻ.വൈ.എസ്.എഫ്.ഐ.ക്കും മന്ത്രാലയത്തിന്റെ സാമ്പത്തികസഹായം ലഭിക്കും. യോഗാസന മത്സരങ്ങൾക്കുള്ള നിയമങ്ങളും ചട്ടങ്ങളും അടങ്ങുന്ന സമഗ്രമായ രേഖ വിദഗ്ധർ ഇതിനായി തയ്യാറാക്കി. പരമ്പരാഗതം, കലാപരം, റിഥമിക്, ഫ്രീ ഫ്ലോ (ഗ്രൂപ്പ്), വ്യക്തിഗത ഓൾറൗണ്ട് ചാമ്പ്യൻഷിപ്പ്, ടീം ചാമ്പ്യൻഷിപ്പ് തുടങ്ങിയവ ഇതിലുൾപ്പെടുന്നു.