രാജ്യത്തെ ആദ്യ കാർഗോ പാസഞ്ചർ കോച്ചുമായി ഇന്ത്യൻ റെയിൽവേ

രാജ്യത്ത് ആദ്യമായി ചരക്ക് നീക്കത്തിനൊപ്പം യാത്രാസൗകര്യവും ലക്ഷ്യമിട്ടുള്ള ഡബിൾ ഡെക്കർ കാർഗോ പാസഞ്ചർ കോച്ച് അവതരിപ്പിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. ചരക്കുനീക്കത്തിൽനിന്ന് കൂടുതൽ വരുമാനം ഉറപ്പാക്കുക ലക്ഷ്യമിട്ടാണ് റെയിൽവേയുടെ നീക്കം. ഇന്ത്യൻ റെയിൽവേയ്ക്ക് വേണ്ടി റെയിൽ കോച്ച് ഫാക്ടറി (ആർസിഎഫ്) കപൂർത്തല ആണ് കോച്ചിന്റെ രൂപകൽപ്പന നിർവഹിച്ചത്.

വിമാനങ്ങളിലുള്ളത് പോലെ ‘ബെല്ലി ഫ്രെയിറ്റ്’ മാതൃകയിലാണ് കോച്ച്. താഴത്തെ നില ചരക്ക് നീക്കത്തിനും മുകളിലത്തേത് യാത്രസൗകര്യത്തിനു വേണ്ടിയുമാകും ഉപയോഗിക്കുക.

താഴത്തെ നിലയിൽ ആറു ടണ്ണോളം ചരക്ക് സൂക്ഷിക്കാനാകും. എക്സിക്യൂട്ടീവ് മുകളിൽ നിലയിൽ 46 സീറ്റുകളാകും ഉണ്ടാകുക. ശുചിമുറി, അടുക്കള എന്നവയും ഉണ്ടാകും. പൂർണമായും ശീതീകരിച്ച കോച്ചാണിത്. ഓരോ കോച്ചിനും രണ്ടു മുതൽ മൂന്നുകോടിവരെ ചെലവ് വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്.

കോവിഡ് കാലത്ത് ചരക്കുനീക്കത്തിലൂടെയാണ് റെയിൽവേക്ക് കൂടുതൽ വരുമാനം ലഭിച്ചത്. ഇതേ തുടർന്നാണ് ചരക്കുനീക്കവും യാത്രാസൗകര്യവും ഒരുമിച്ചെന്ന ആശയത്തിൽ കോച്ച് തയാറാക്കുന്നത്. ഇത് ഓഗസ്റ്റിൽ പൂർത്തിയാകുമെന്നാണ് റിപ്പോർട്ടുകൾ.