രക്തദാനത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും മനുഷ്യരാശിയുടെ പ്രയോജനത്തിനായി പതിവായി രക്തം നൽകാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി എല്ലാ വർഷവും ജൂൺ 14 ന് ലോക രക്തദാന ദിനം ആചരിച്ച് വരുന്നു. ഒരു ജീവൻ രക്ഷിക്കാൻ കഴിയുന്ന വേഗമേറിയതും വേദനയില്ലാത്തതുമായ പ്രവർത്തനമാണ് രക്തദാനം. കൂടുതൽ ജീവൻ രക്ഷിക്കാൻ രക്തം ദാനം ചെയ്യാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക എന്നതാണ് ലോക രക്തദാതാക്കളുടെ ദിനത്തിന്റെ ലക്ഷ്യം.
“രക്തം നൽകുക, പ്ലാസ്മ നൽകുക, ജീവിതം പങ്കിടുക, പലപ്പോഴും പങ്കിടുക” എന്നതാണ് 2023ലെ ലോക രക്തദാന ദിന പ്രമേയം എന്നത്. ജീവൻ രക്ഷിക്കാൻ പ്ലാസ്മയും രക്തവും നൽകണമെന്ന ആശയം വ്യാപകമായി പ്രചരിപ്പിക്കുക എന്നതാണ് ഈ വർഷത്തെ പ്രമേയത്തിന്റെ ഊന്നൽ എന്ന് ലോകാരോഗ്യ സംഘടന പറയുന്നു.
ആദ്യമായി രക്തഗ്രൂപ്പുകളെ തിരിച്ചറിഞ്ഞ കാൾലാന്റ് സ്റ്റെയിനർ എന്ന ശാസ്ത്രജ്ഞന്റെ ജന്മദിനമാണ് രക്തദാന ദിനമായി നാം ആചരിക്കുന്നത്. 2005 മുതലാണ് ലോകം രക്തദാന ദിനം ആചരിച്ച് തുടങ്ങിയത്. ആരോഗ്യമുള്ള ഏതൊരാൾക്കും രക്തദാനം ചെയ്യാം.
പ്രായം 18 നും 65 നും ഇടയിൽ ആയിരിക്കണം. ഭാരം 45-50 കിലോഗ്രാമിൽ കുറയാതിരിക്കുകയും ശരീര താപനില നോർമലായിരിക്കുകയും വേണം. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് 12.5 ശതമാനത്തിൽ കുറയരുത്. രക്തദാനത്തിലൂടെ അനേകം ജീവൻ രക്ഷിക്കാൻ കഴിയുന്നതിനോടൊപ്പം രക്തദാതാവിനും നിരവധി ഗുണങ്ങൾ ലഭിക്കുന്നു.