യൂട്യൂബർമാരുടെ വീടുകളിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡ് ‘സർവേ’ എന്ന് സൂചന. സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്തുന്നതാണെങ്കിലും പുതിയൊരു തൊഴിൽമാർഗമെന്ന നിലയിൽ യൂട്യൂബർമാരുടെ വരുമാനത്തെക്കുറിച്ച് ആദായനികുതിവകുപ്പിന് പൂർണമായ വിവരങ്ങളില്ല. അതിനാൽ ഇപ്പോൾ കണ്ടെത്തിയ വിവരങ്ങൾ ഒരു ‘സർവേ പോലെ കണക്കാക്കി അതിന്റെ അടിസ്ഥാനത്തിൽ അടുത്ത നടപടികളിലേക്ക് കടക്കാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്.
ആദായനികുതി അടയ്ക്കേണ്ടത് സംബന്ധിച്ച് യൂട്യൂബർമാർക്കിടയിൽ ബോധവത്കരണവും ആദ്യഘട്ട മുന്നറിയിപ്പും ഉൾപ്പെടെയുള്ള കാര്യങ്ങളും വകുപ്പ് ചെയ്യുമെന്നാണ് സൂചന. അതിനുശേഷം കടുത്ത നടപടികളിലേക്ക് കടക്കാമെന്നാണ് ആദായ നികുതിവകുപ്പിന് ലഭിച്ച നിർദേശം.
കഴിഞ്ഞദിവസം യൂട്യൂബർമാരുടെ വീടുകളിൽ ആദായനികുതിവകുപ്പ് നടത്തിയ റെയ്ഡിൽ 25 കോടിയോളം രൂപയുടെ നികുതിവെട്ടിപ്പ് കണ്ടെത്തിയതായാണ് പ്രാഥമിക കണക്ക്. ഇതുവരെ ഒരു രൂപപോലും നികുതി അടയ്ക്കാത്തവരെയും പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇവർക്കെല്ലാം നോട്ടീസയക്കാനാണ് തീരുമാനം. നികുതി അടച്ചില്ലെങ്കിൽ ഇവരെല്ലാം നിയമനടപടിക്ക് വിധേയരാകേണ്ടി വരും.
യൂട്യൂബർമാർക്ക് ലഭിക്കുന്ന വരുമാനസാധ്യതകളിലെല്ലാം അന്വേഷണം തുടരാനാണ് ആദായനികുതിവകുപ്പ് ലക്ഷ്യമിടുന്നത്. യൂട്യൂബിൽനിന്ന് കിട്ടുന്ന വരുമാനം സംബന്ധിച്ച് എല്ലാവർക്കും ഇപ്പോൾ കണക്കുണ്ട്. പരസ്യവരുമാനം, വിദേശയാത്രകൾ, സമ്മാനങ്ങൾ തുടങ്ങിയ കാര്യങ്ങളൊന്നും ഇവർ വെളിപ്പെടുത്തുന്നില്ല. ഇതെല്ലാം നികുതിയുടെ കീഴിൽവരുന്നവയാണെന്ന് ആദായനികുതിവകുപ്പ് ചൂണ്ടിക്കാട്ടുന്നു.