യാത്രക്കാരുടെ എണ്ണത്തില്‍ രാജ്യത്ത് ഒന്നാമത് കേരളത്തിലെ വന്ദേഭാരത്

യാത്രക്കാരുടെ എണ്ണത്തില്‍ ഒന്നാമതെത്തിയിരിക്കുന്നത് കേരളത്തിലേക്കെത്തിയ വന്ദേഭാരത് എക്‌സ്പ്രസാണ്. 23 വന്ദേ ഭാരത് ട്രെയിനുകള്‍ ഉള്ള നമ്മുടെ രാജ്യത്തെ മികച്ച പ്രകടനം കാഴ്ച വെച്ച ട്രെയിന്‍ എന്ന ബഹുമതി കാസര്‍ഗോഡ്-തിരുവനന്തപുരം എക്‌സ്പ്രസ്സ് സ്വന്തമാക്കുകയാണ്. റെയില്‍വേയാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം-കാസര്‍ഗോഡ് വന്ദേ ഭാരത് എക്‌സ്പ്രസ് ആണ് തൊട്ടുപിന്നില്‍. ഒന്നാം സ്ഥാനത്തുള്ള കാസര്‍ഗോഡ്-തിരുവനന്തപുരം എക്‌സ്പ്രസിന്റെ ശരാശരി ഒക്യുപെന്‍സി നിരക്ക് 183 ശതമാനമാണ്. തൊട്ട് പിന്നിലുള്ള ട്രെയിനിനു 176 ശതമാനം ആണ് ഒക്യുപെന്‍സി നിരക്ക്.

കേരളത്തിന്റെ വന്ദേഭാരതിന് പിന്നിലുള്ളത് ഗാന്ധിനഗര്‍-മുംബൈ സെന്‍ട്രല്‍ വന്ദേഭാരത് എക്‌സ്പ്രസാണ്. 134 ശതമാനമാണ് ഒക്യുപെന്‍സി നിരക്ക്. അതായത് ഇന്ത്യയിലെ ഏറ്റവും വലിയ മെട്രോ നഗരമായ മുംബൈയില്‍ നിന്ന് ഗുജറാത്ത് വരെയുള്ള റൂട്ടിലെ വന്ദേഭാരത് എക്‌സ്പ്രസിനേയും ഏറെ പിന്നിലാക്കിയാണ് കേരളത്തിലെ വന്ദേഭാരത് മുന്നേറ്റം തുടരുന്നത്.

23 ജോഡി വന്ദേഭാരത് എക്‌സ്പ്രസുകളാണ് 46 റൂട്ടുകളില്‍ രാജ്യത്താകെ സര്‍വീസ് നടത്തുന്നത്. 2019 ഫെബ്രുവരിയിലാണ് രാജ്യത്തെ ആദ്യത്തെ വന്ദേഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യുന്നത്. ന്യൂ ഡല്‍ഹിയ്ക്കും ഉത്തര്‍പ്രദേശിലെ വാരണാസിയ്ക്കും ഇടയിലാണ് വന്ദേഭാരത് എക്‌സ്പ്രക്‌സ് ആദ്യമായി ഓടിത്തുടങ്ങിയത്. ഇക്കഴിഞ്ഞ ഏപ്രില്‍ 25നാണ് പ്രധാനമന്ത്രി കേരളത്തിലെ വന്ദേഭാരത് ഉദ്ഘാടനം ചെയ്തത്.

വേഗക്കൂടുതല്‍ തന്നെയാണ് വന്ദേഭാരത് എക്‌സ്പ്രസിനെ വ്യത്യസ്തമാക്കുന്നത്. 52 സെക്കന്‍ഡില്‍ 100 കി.മി വേഗം കൈവരിക്കാന്‍ വന്ദേ ഭാരത് എക്‌സ്പ്രസിന് സാധിക്കുമെന്നാണ് ഈ ട്രെയിനിന്റെ ഏറ്റവും വലിയ പ്രത്യേകത. എയറോഡൈനാമിക്ക് ഡിസൈനില്‍ രൂപകല്‍പ്പന ചെയ്ത വന്ദേ ഭാരത് എക്‌സ്പ്രസിന് കവാച്ച് ടെക്‌നോളജി പ്രകാരമുള്ള സുരക്ഷാ സംവിധാനവുമുണ്ട്. ട്രെയിനുകള്‍ കൂട്ടിയിടിക്കുന്നത് തടയാന്‍ തദ്ദേശീയമായി വികസിപ്പിച്ച ടെക്‌നോളജിയാണ് കവാച്ച്. ഓരോ വന്ദേ ഭാരത് എക്‌സ്പ്രസിന്റെയും രണ്ട് അറ്റത്തും ഡ്രൈവറുടെ ക്യാബിനുണ്ട്. അതുകൊണ്ട് തന്നെ ട്രെയിനിന്റെ ദിശ മാറ്റാന്‍ സമയനഷ്ടമില്ല.

വന്ദേഭാരത് എക്‌സ്പ്രസിന്റെ എല്ലാ സീറ്റുകളും റിക്ലൈനര്‍ സീറ്റുകളാണ്. എക്‌സിക്യൂട്ടിവ് കോച്ചിലാകട്ടെ 180 ഡിഗ്രി റൊട്ടേറ്റിംഗ് സീറ്റുകളുമുണ്ട്. ട്രെയിന്‍ ചലിക്കുന്ന ദിശ അനുസരിച്ച് സീറ്റിന്റെ ദിശ തിരിക്കാമെന്ന് ചുരുക്കം. സീറ്റുകള്‍ക്ക് മുന്നില്‍ 32 ഇഞ്ച് സ്‌ക്രീനുകളും ക്രമീകരിച്ചിട്ടുണ്ട്. യാത്രയ്ക്കിടെ ഇന്‍ഫോടെയിന്‍മെന്റിന് അവസരം ഒരുക്കുകയാണ് ഇതിലൂടെ. ഭിന്നശേഷി സൗഹൃദമായ ബാത്രൂമുകളാണ് വന്ദേ ഭാരതില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഒപ്പം സീറ്റുകളില്‍ ബ്രെയ്‌ലി ലിപിയില്‍ സീറ്റ് നമ്പറും നല്‍കിയിട്ടുണ്ട്.

ഓട്ടോമാറ്റിക് ഡോര്‍, ഫയര്‍ സെന്‍സര്‍, വൈഫൈ, മൂന്ന് മണിക്കൂര്‍ ബാറ്ററി ബാക്കപ്പ്, ജിപിഎസ്, സിസിടിവി ക്യാമറകള്‍ ഇങ്ങനെ നീളുന്നു മറ്റ് സൗകര്യങ്ങള്‍. വന്ദേഭാരതിലെ വിശാലമായ ജനാലകള്‍ പുറം കാഴ്ച ആവോളം ആസ്വദിക്കാന്‍ വഴിയൊരുക്കുന്നു. ഒപ്പം ബാഗേജിന് വേണ്ടി കോച്ചുകളില്‍ കൂടുതല്‍ സ്ഥലവും സജ്ജീകരിച്ചിട്ടുണ്ട്.