ലയണൽ മെസിയുടെ ശേഖരത്തിൽ മറ്റൊരു സുവർണനേട്ടംകൂടി. മികച്ച കായികതാരത്തിനുള്ള ലോറിയസ് പുരസ്‌കാരം അർജന്റീന ക്യാപ്‌റ്റന് ലഭിച്ചു. ഖത്തർ ലോകകപ്പിൽ മിന്നുന്ന പ്രകടനം പുറത്തെടുത്ത മെസി അർജന്റീനയെ കിരീടത്തിലേക്ക് നയിച്ചിരുന്നു. 36 വർഷത്തിനുശേഷമാണ് അർജന്റീന ചാമ്പ്യൻമാരായത്. മെസിയായിരുന്നു മികച്ചതാരം. 2020ൽ ഫോർമുല വൺ താരം ലൂയിസ് ഹാമിൽട്ടണിനൊപ്പം ഈ മുപ്പത്തഞ്ചുകാരൻ ലോറിയസ് പുരസ്‌കാരം പങ്കിട്ടിരുന്നു.
മികച്ച ടീം അർജന്റീനയാണ്. ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ തോൽപ്പിച്ചായിരുന്നു അർജന്റീനയുടെ കിരീടധാരണം. ജമൈക്കൻ സ്‌പ്രിന്ററും ലോക ചാമ്പ്യനുമായ ഷെല്ലി ആൻഫ്രേസർ പ്രൈസിയാണ് മികച്ച വനിതാ കായികതാരം. സ്‌പെയ്‌നിന്റെ കൗമാര ടെന്നീസ് താരം കാർലോസ് അൽകാരെസിന് ‘ബ്രേക്‌ത്രൂ ഓഫ് ദി ഇയർ’ പുരസ്‌കാരം ലഭിച്ചു.
മാഞ്ചസ്‌റ്റർ യുണൈറ്റിന്റെ ക്രിസ്‌റ്റ്യൻ എറിക്‌സൺ മികച്ച തിരിച്ചുവരവിനുള്ള പുരസ്‌കാരവും സ്വന്തമാക്കി. മെസി അർജന്റീന താരങ്ങൾക്കും പിഎസ്‌ജിയിലെ സഹതാരങ്ങൾക്കുമാണ് നന്ദി പറഞ്ഞത്.