മാലിന്യമുക്ത കേരളം: സർക്കാർ ഔദ്യോഗിക പരിപാടികൾ പ്രതിജ്ഞയോടെ ആരംഭിക്കും

കേരളത്തെ മാലിന്യ മുക്തമാക്കുന്നതിന് ആരംഭിച്ച ‘മാലിന്യ മുക്തം നവകേരളം’ ക്യാമ്പയിന്റെ ഭാഗമായി എല്ലാ ഔദ്യോഗിക പരിപാടികളും ആരംഭിക്കുന്നത് മാലിന്യ മുക്ത നവകേരളത്തിനായുള്ള പ്രതിജ്ഞ കൂടി ചൊല്ലിക്കൊണ്ടായിരിക്കുമെന്ന് സർക്കാർ അറിയിച്ചു. ഇന്നുചേർന്ന മന്ത്രിസഭാ തീരുമാനത്തിലാണ് തീരുമാനം.

“മാലിന്യങ്ങളും പാഴ് വസ്തുക്കളും അലക്ഷ്യമായി വലിച്ചെറിഞ്ഞ് നാടും നഗരവും ജലാശയങ്ങളും വൃത്തിഹീനമാക്കുന്നത് എൻ്റെ നാടിനോട് ചെയ്യുന്ന കുറ്റകൃത്യമാണെന്ന് ഞാൻ തിരിച്ചറിയുന്നു.

സംസ്‌കാരശൂന്യവും നിയമവിരുദ്ധവുമായ അത്തരം പ്രവൃത്തികളിൽ ഞാൻ ഒരിക്കലും ഏർപ്പെടുകയില്ല. അതിൻ്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് എനിക്ക് പരിപൂർണ്ണ ബോധ്യമുണ്ട്. അതിനാൽ ചെറുതോ വലുതോ ആയ ഒരു പാഴ് വസ്തുവും ഞാൻ വലിച്ചെറിയില്ല. നിരോധിത പ്ലാസ്റ്റിക് വസ്തുക്കളൊന്നും ഉപയോഗിക്കുകയുമില്ല.

ശുചിത്വത്തിനായി കൈക്കൊള്ളുന്ന എല്ലാ നടപടികളോടും ഞാൻ പൂർണ്ണമായും സഹകരിക്കും. മാലിന്യ മുക്ത നവകേരളത്തിനായി നാടിനൊപ്പം ഞാനും ആത്മാർത്ഥമായി പ്രവർത്തിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു.”- എന്നതാണ് പ്രതിജ്ഞ.