‘മാലിന്യമുക്ത കേരളം’ പദ്ധതി: 4 മാസം കൊണ്ട് നീക്കിയത് 91.65% മാലിന്യങ്ങൾ

കേരള സർക്കാരിന്റെ ‘മാലിന്യമുക്ത കേരളം’ പദ്ധതിക്ക് റെക്കോർഡ് മുന്നേറ്റം. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, പദ്ധതി 4 മാസം പിന്നീടുമ്പോൾ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിവിധ ഇടങ്ങളിലെ 91.65 ശതമാനം മാലിന്യമാണ് നീക്കം ചെയ്തിരിക്കുന്നത്. തദ്ദേശ വകുപ്പിന് കീഴിൽ ഏകദേശം 5965 മാലിന്യക്കൂനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ 5473 സ്ഥലങ്ങളിലെ മാലിന്യമാണ് പൂർണമായും നീക്കം ചെയ്തത്. ശുചിത്വ മിഷൻ, നവ കേരള മിഷൻ, ക്ലീൻ കേരള കമ്പനി തുടങ്ങിയ സ്ഥാപനങ്ങൾ സംയുക്തമായാണ് മാലിന്യമുക്ത കേരളം പദ്ധതി നടപ്പാക്കുന്നത്.

വാതിൽപ്പടി മാലിന്യ ശേഖരം ഇത്തവണ 78 ശതമാനം വിജയം കൈവരിച്ചിട്ടുണ്ട്. ഉടൻ വൈകാതെ വാതിൽപ്പടി മാലിന്യ ശേഖരം 100 ശതമാനമാക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ഇത് 48 ശതമാനമായിരുന്നു. അതേസമയം, മാലിന്യം വലിച്ചറിയുന്നവരിൽ നിന്ന് ഇതിനോടകം 1.6 കോടി രൂപ പിഴ ഈടാക്കിയിട്ടുണ്ട്.

നിലവിൽ, കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി സർക്കാർ പ്രത്യേക രൂപരേഖ തയ്യാറാക്കുന്നുണ്ട്. നഗരസഭകളിൽ സുസ്ഥിര മാലിന്യ പരിപാലനത്തിന് 25 വർഷത്തേക്കുള്ള രൂപരേഖയാണ് തയ്യാറാക്കുന്നത്. ഇവയിൽ 31 നഗരസഭകളിലെ ഖരമാലിന്യ പരിപാലന രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. ബാക്കിയുള്ളവ ഒക്ടോബറോടെയാണ് പൂർത്തിയാക്കുക.