ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ട് പുറത്തിറക്കിയ മലയാളം ഓൺലൈൻ നിഘണ്ടു കേരളപ്പിറവി ദിനത്തിൽ പൂർണ സജ്ജമാകും. ഒന്നര ലക്ഷത്തോളം വാക്കുകളുള്ള നിഘണ്ടുവിൽ ഒരു ലക്ഷത്തോളം വാക്കുകൾകൂടി ഉൾപ്പെടുത്തും. നിലവിൽ സ്വരാക്ഷരങ്ങളിലും ‘ക’ മുതൽ ‘ത’ വരെയുള്ള വ്യഞ്ജനാക്ഷരങ്ങളിലും ആരംഭിക്കുന്ന വാക്കുകകളാണുള്ളത്. ‘ഥ’ മുതൽ ‘റ’ വരെയുള്ള വ്യഞ്ജനങ്ങളിൽ തുടങ്ങുന്ന വാക്കുകളും മലയാളത്തിലെ ഭാഷാഭേദപദങ്ങളും തുടർന്ന് ഉൾപ്പെടുത്തും.
ശബ്‌ദതാരാവലി, മലയാള മഹാനിഘണ്ടു, കേരള ഭാഷാ നിഘണ്ടു എന്നിവയെയാണ് നിഘണ്ടു നിർമാണത്തിന് ആദ്യഘട്ടത്തിൽ ആശ്രയിച്ചത്. പൊതുജനങ്ങൾക്ക് വാക്കുകൾ സംഭാവന ചെയ്യാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനുമുള്ള സൗകര്യം http://malayalanighandu.kerala.gov.in/ എന്ന വെബ്‌സൈറ്റിൽ ഒരുക്കിയിട്ടുണ്ട്.
മൊബൈൽ, വെബ് ആപ്ലിക്കേഷനുകളിലും നിഘണ്ടു ലഭ്യമാക്കും. ചീഫ് സെക്രട്ടറി, ഔദ്യോഗിക ഭാഷാവകുപ്പ് സെക്രട്ടറി പദവികൾ വഹിച്ചിരുന്ന വി പി ജോയിയുടെ നേതൃത്വത്തിൽ ഭാഷാ മാർഗനിർദേശ സമിതിയാണ് നിഘണ്ടുവിനായി മുന്നിട്ടിറങ്ങിയത്. മലയാള സർവകലാശാല, ഐസിഫോസ് എന്നിവയുടെ സഹായത്തോടെയാണ് നിഘണ്ടു തയ്യാറാക്കിയത്.