ഭാരത് ക്രാഷ് ടെസ്റ്റ് ഒക്ടോബര്‍ ഒന്നു മുതല്‍

ഇന്ത്യയിലും കാറുകൾക്ക് ക്രാഷ് ടെസ്റ്റിനുള്ള അവസരം ഒരുക്കുന്ന ഭാരത് ന്യൂ കാർ അസസ്മെന്റ് പ്രോഗ്രാം(Bharath NCAP) ഒക്ടോബർ ഒന്നു മുതൽ ആരംഭിക്കും. കേന്ദ്ര റോഡ് ഗതാഗത ദേശീയപാത മന്ത്രാലയം അഡീഷണൽ സെക്രട്ടറി മഹ്മൂദ് അഹ്മദിനെ ഉദ്ധരിച്ച് ഒരു ഇംഗ്ലീഷ് മാസികയാണ് വാർത്ത റിപ്പോർട്ടു ചെയ്തിരിക്കുന്നത്.

ജൂലൈ ഒന്നു മുതലുള്ള 30 ദിവസക്കാലയളവിലാണ് ഭാരത് എൻസിഎപി മാനദണ്ഡങ്ങളുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. വാഹന നിർമാതാക്കൾ അടക്കമുള്ളവരുടെ അഭിപ്രായം വിഷയത്തിൽ കേൾക്കാനാണ് ഗതാഗതമന്ത്രാലയത്തിന്റെ തീരുമാനം. ലഭിക്കുന്ന നിർദേശങ്ങൾ കൂടി കണക്കിലെടുത്ത് ആവശ്യമെങ്കിൽ മാറ്റങ്ങൾ വരുത്തി ഓഗസ്റ്റ് 31നകം ക്രാഷ് ടെസ്റ്റ് മാനദണ്ഡങ്ങളിൽ അന്തിമതീരുമാനം എടുക്കും.

കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടാവാത്ത തരത്തിലുള്ള കാറിന്‍റെ രൂപകൽപന, ആഘാതം താങ്ങാനുള്ള കാറിന്റെ ശേഷി, അകത്തും പുറത്തുമുള്ള സുരക്ഷാ സാങ്കേതികവിദ്യകൾ, കുട്ടികൾക്കും മുതിർന്നവർക്കും സഹായകമായ സുരക്ഷാ സൗകര്യങ്ങൾ തുടങ്ങി വിവിധ ഘടകങ്ങൾ കണക്കിലെടുത്താവും ഭാരത് എൻസിഎപിയിൽ റേറ്റിങ് തീരുമാനിക്കുക. ഒന്നു മുതൽ അഞ്ചു വരെ സ്റ്റാറാണ് കാറുകൾക്ക് ലഭിക്കുക. കാർ നിർമാതാക്കൾക്ക് ക്രാഷ് ടെസ്റ്റിനായി വാഹനങ്ങൾ നേരിട്ടു നൽകാനാവും. ഈ കാർ സ്വീകരിക്കാനോ ഷോറൂമിൽ നിന്നും ഇഷ്ടമുള്ള കാർ തെരഞ്ഞെടുക്കാനും പരിശോധന ഏജൻസിക്ക് അധികാരമുണ്ടായിരിക്കും.

പരമാവധി 3.5 ടൺ ഭാരമുള്ള എട്ടു സീറ്റ് വരെയുള്ള കാറുകളായിരിക്കും ഭാരത് എൻസിഎപിയിൽ ക്രാഷ് ടെസ്റ്റ് നടത്താനാവുക. ഇന്ത്യയിൽ നിർമിക്കുന്നതും വിദേശത്തു നിന്നും ഇറക്കുമതി ചെയ്യുന്നതുമായ കാറുകളുടെ ക്രാഷ് ടെസ്റ്റ് നടത്താനാവും. ഇന്ത്യയിലെ കാർ നിർമാണ കമ്പനികൾക്ക് ഗുണകരമാണ് ഭാരത് എൻസിഎപി ക്രാഷ് ടെസ്റ്റിനായി കാറുകൾ വിദേശത്തേക്ക് കൊണ്ടുപോവേണ്ട ചിലവ് കമ്പനികൾക്ക് ഒഴിവാക്കാനാവും. പെട്രോൾ, ഡീസൽ കാറുകൾ മാത്രമല്ല സി.എൻ.ജി, വൈദ്യുത കാറുകളും ഭാരത് എൻസിഎപിയിൽ ക്രാഷ് ടെസ്റ്റ് നടത്താനാവും.