ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സ്ലാട്ടൻ ഇബ്രാഹിമോവിച്ച്

ഇതിഹാസ തുല്യമായ കരിയറിലൂടെ ലോക ഫുട്ബോളിൽ തന്റേതായ സ്ഥാനം രേഖപ്പെടുത്തിയ സ്ലാട്ടൻ ഇബ്രാഹിമോവിച്ച് ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. 41-ാം വയസിലാണ് താരം ബൂട്ട് അഴിച്ചുവെക്കുന്നത്. ഇറ്റാലിയൻ ക്ലബ് എസി മിലാന് വേണ്ടിയായിരുന്നു താരം അവസാനമായി കളിച്ചത്. ഈ സീസണിന് ശേഷം താരം ക്ലബ് വിടുമെന്ന് നേരത്ത അറിയിച്ചിരുന്നു. എന്നാൽ, വളരെ അപ്രതീക്ഷിതമായാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്.

നാല് രാജ്യങ്ങളിൽ നിന്നും ലീഗ് കിരീടം താരം നേടി. വിവിധ ക്ലബ്ബുകൾക്ക് വേണ്ടി ചാമ്പ്യൻസ് ലീഗ് കളിച്ചെങ്കിലും ഒരു തവണ പോലും കിരീടത്തിൽ മുത്തമിടാൻ സാധിച്ചില്ലെന്ന വേദനയോടെയാണ് അദ്ദേഹം കരിയർ അവസാനിപ്പിക്കുന്നത്. സ്വീഡനിലെ മാൽമോ ക്ലബ്ബിലൂടെ കളിച്ചു തുടങ്ങിയ താരം, പിന്നീട് നെതെർലാൻഡ് ക്ലബ് അയാക്സ്, ഇറ്റാലിയൻ ക്ലബ്ബുകളായ യുവന്റസ്, ഇന്റർമിലാൻ, എസി മിലാൻ, സ്പാനിഷ് ക്ലബ് എഫ്‌സി ബാഴ്സലോണ, ഫ്രഞ്ച് ക്ലബ് പാരീസ് സെയിന്റ് ജെർമൈൻ, ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നിവയ്ക്കായി യൂറോപ്പിൽ ബൂട്ട് കെട്ടി.

കരിയറിന്റെ അവസാന ഘട്ടത്തിൽ മറ്റ് താരങ്ങൾ ചെയ്യുന്നത് പോലെ സ്ലാട്ടനും 2018-ൽ അമേരിക്കൻ ലീഗിലേക്ക് ചേക്കേറിയിരുന്നു. നിരവധി പുരസ്കരങ്ങളും അംഗീകാരങ്ങളും നേടിയ താരം 2020-ൽ യൂറോപ്പിലേക്ക് തന്നെ മടങ്ങിയെത്തി. മറ്റ് താരങ്ങൾ ബൂട്ട് അഴിച്ചുവെക്കുന്ന പ്രായത്തിൽ എസി മിലാന്റെ ഭാഗമായ സ്ലാട്ടൻ 2021 – 22 സീസണിൽ ലീഗ് കിരീടം ഉയർത്തുന്നതിൽ പ്രധാന പങ്കുവഹിച്ചിരുന്നു. 2023 സീസണിൽ ലീഗിൽ മിലാണ് വേണ്ടി ഗോൾ നേടിയ സ്ലാട്ടൻ ഇറ്റാലിയൻ ലീഗിൽ ഗോളടിക്കുന്ന ഏറ്റവും പ്രായം കൂടിയ താരവുമായി മാറി.