സംസ്ഥാനത്ത് ബുധനാഴ്ച പ്ലസ് വൺ ക്ലാസ് ആരംഭിച്ചു. ഇതുവരെ പ്രവേശനം നേടിയത് 3,16,772 വിദ്യാർഥികൾ. മുഖ്യഘട്ടത്തിലെ മൂന്ന് അലോട്ട്മെന്റ് ചൊവ്വാഴ്‌ച പൂർത്തിയായപ്പോൾ 99.07 ശതമാനത്തിനും പ്രവേശനം ലഭ്യമായെന്നാണ് കണക്ക്. നിലവിൽ 2799 സീറ്റാണ് ഒഴിവുള്ളത്. മഴയെത്തുടർന്ന് അവധി പ്രഖ്യാപിച്ച ജില്ലകളിലും ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന സ്കൂളുകളിലും പ്രവേശനം നടന്നില്ല.
എട്ടുമുതൽ 12 വരെ സപ്ലിമെന്ററി അലോട്ട്‌മെന്റ് നടത്തി പതിനാറോടെ പ്രവേശനത്തിന്റെ സപ്ലിമെന്ററി ഘട്ടം പൂർത്തിയാക്കും. തുടർന്ന്, പരാതി വന്ന മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട് തുടങ്ങിയ ജില്ലയിലെ വിദ്യാർഥികളുടെ വിവരം താലൂക്ക് അടിസ്ഥാനത്തിൽ ശേഖരിക്കും.
പ്ലസ് വൺ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മണക്കാട് ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പൊതു വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ വിദ്യാർഥികളുടെ ആവശ്യപ്രകാരം സെപ്‌തംബർ, ഒക്ടോബർ മാസങ്ങളിൽ നടത്തുമെന്ന് മന്ത്രി പറഞ്ഞു.
സ്പോര്‍ട്സ് ക്വോട്ടാ പ്രവേശനം ഇന്നുമുതല്‍
പ്ലസ് വൺ പ്രവേശനത്തിനുള്ള സ്പോർട്ട്സ് ക്വോട്ടാ സപ്ലിമെന്ററി അലോട്ട്മെന്റ് റിസൾട്ട് വ്യാഴാഴ്ച പ്രസിദ്ധീകരിക്കും. രാവിലെ 10 മുതൽ കാൻഡിഡേറ്റ് ലോഗിനിലെ സ്പോർട്സ് സപ്ലിമെന്ററി റിസൾട്ട്സ് എന്ന ലിങ്കിലൂടെ അലോട്ട്മെന്റ് റിസൾട്ട് പരിശോധിക്കാം. അലോട്ട്മെന്റ് കിട്ടിയവർ അലോട്ട്മെന്റ് ലെറ്റർ എടുക്കുന്ന ലിങ്കിലൂടെ രണ്ട് പേജുള്ള അലോട്ട്മെന്റ് ലെറ്റർ പരിശോധിച്ച് പ്രവേശനത്തിന് ഹാജരാകേണ്ട ദിവസവും സ്കൂളും കോഴ്സും കൃത്യമായി മനസ്സിലാക്കണം.
അലോട്ട്മെന്റ് ലെറ്റർ അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽനിന്നും അഡ്മിഷൻ സമയത്ത് പ്രിന്റെടുത്ത് നൽകും. അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ സ്ഥിരപ്രവേശനം നേടണം. വിദ്യാർഥികൾ രക്ഷിതാവിനൊപ്പം വെള്ളി വൈകിട്ട് നാലിന് മുമ്പായി പ്രവേശനം നേടണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
വിഎച്ച്എസ്ഇ പ്രവേശനം ; സ്‌കൂള്‍ മാറ്റത്തിന് അപേക്ഷിക്കാം
ഹയർ സെക്കൻഡറി (വൊക്കേഷണൽ) ഒന്നാം വർഷ ഏകജാലക പ്രവേശനത്തിന്റെ മുഖ്യഘട്ടത്തിൽ സ്ഥിരപ്രവേശനം നേടിയ വിദ്യാർഥികൾക്ക് സ്‌കൂൾ/കോഴ്‌സ് മാറ്റത്തിന് അപേക്ഷിക്കാം. ട്രാൻസ്ഫർ അപേക്ഷ വ്യാഴം, വെള്ളി ദിവസങ്ങളിൽ നൽകാമെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടർ അറിയിച്ചു. ഒരു സ്‌കൂളിൽനിന്നും മറ്റൊരു സ്‌കൂളിലെ ഏതെങ്കിലും കോഴ്സിലേക്കോ, അതേ സ്‌കൂളിലെ തന്നെ മറ്റൊരു കോഴ്‌സ് മാറ്റത്തിനോ അപേക്ഷിക്കാം. www.admission.dge.kerala.gov.in എന്ന വെബ്‌സൈറ്റിൽ യൂസർഐഡിയും (ഫോൺ നമ്പർ), പാസ്‌വേർഡും നൽകി കാൻഡിഡേറ്റ് ലോഗിൻ ചെയ്ത് ആവശ്യമായ ഓപ്ഷനുകൾ ചേർത്ത് അപേക്ഷ കൺഫോം ചെയ്യണം. തുടർന്ന്, ലഭിക്കുന്ന അപേക്ഷയുടെ പ്രിന്റൗട്ട് അപേക്ഷകനും രക്ഷാകർത്താവും ഒപ്പ് വച്ച്, നിലവിൽ പ്രവേശനം നേടിയ സ്‌കൂളിലെ പ്രിൻസിപ്പലിന് നൽകണം. ട്രാൻസ്ഫർ അപേക്ഷ സമർപ്പിച്ച്, ട്രാൻസ്ഫർ അലോട്ട്‌മെന്റ് കിട്ടിയാൽ നിർബന്ധമായും വിദ്യാർഥി ട്രാൻസ്ഫർ ലഭിച്ച സ്‌കൂളിൽ/കോഴ്‌സിൽ പ്രവേശനം നേടണം