പ്രൈമറി ക്ലാസുകളിലെ കുട്ടികളുടെ ഭാഷാ, ഗണിത പഠനശേഷി വർധിപ്പിക്കാൻ സമഗ്ര ശിക്ഷാ കേരളം അക്കാദമിക് ടാസ്‌ക് ഫോഴ്‌സിന് രൂപം നൽകി. എസ്‌സ്‌കെ സ്‌റ്റേറ്റ് പ്രൊജക്ട് ഡയറക്ടർ, നിപുൺ ഭാരത് മിഷൺ സ്‌റ്റേറ്റ് നോഡൽ ഓഫീസർ, കോ- ഓഡിനേറ്റർ, എസ്‌സിഇആർടി അംഗം, ഡയറ്റ് അംഗം, വിദ്യാഭ്യാസ ഓഫീസറുടെ പ്രതിനിധി, പ്രധാനാധ്യാപരുടെ പ്രതിനിധി, അധ്യാപക പ്രതിനിധി, കൈറ്റ് മാസ്‌റ്റർ ട്രെയിനർ എന്നിവരുൾപ്പെട്ട ഒമ്പത് അംഗ അക്കാദമിക് ടാസ്‌ക് ഫോഴ്‌സിനാണ് സർക്കാർ രൂപം നൽകിയത്.
നിലവിൽ പ്രൈമറി ക്ലാസുകളിൽ ഭാഷാ പഠനവും ഗണിത പഠനവും പരിപോഷിപ്പിക്കാനുള്ള മലയാളത്തിളക്കം, വായനാ ചങ്ങാത്തം, ഹലോ ഇംഗ്ലീഷ്, ഗണിത വിജയം, ശാസ്‌ത്ര കൗതുകം തുടങ്ങിയവ നവീകരിക്കുന്നതിനൊപ്പം പുതിയ പദ്ധതികൾ ആവിഷ്‌കരിക്കുന്നതും അതിന്റെ മേൽനോട്ടവും ടാസ്‌ക് ഫോഴ്‌സിന്റെ ഉത്തരവാദിത്തമാണ്.
രാജ്യത്ത് ഭാഷാ, ഗണിത പഠനത്തിൽ പ്രൈമറി വിദ്യാർഥികൾ പിന്നോക്കമാണെന്ന് വിലയിരുത്തപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നിപുൺ ഭാരത് മിഷൻ ആവിഷ്‌കരിച്ചത്. കേരളത്തിൽ ഭാഷാ പഠനത്തിൽ കുട്ടികൾ മുന്നിലാണെങ്കിലും ഗണിത പഠനത്തിൽ ഭൂരിഭാഗം കുട്ടികളും പ്രാഥമിക വിദ്യാഭ്യാസ കാലത്ത് ആർജിക്കേണ്ട അറിവ് സ്വായത്തമാക്കുന്നതിൽ പിന്നോക്കമാണ്. ഇത് പരിഹരിക്കുന്നതിന് കുടുതൽ പദ്ധതികൾ ഗണിത പഠന മേഖലയിൽ ആസൂത്രംണം ചെയ്‌ത് നടപ്പാക്കും.
രണ്ടാം ക്ലാസ്‌വരെ ഡയറി എഴുത്ത് നിർബന്ധം
കുട്ടികളുടെ ഭാഷാശേഷി വർധിപ്പിക്കുന്നതിനും ജീവിതചര്യയിൽ അടുക്കും ചിട്ടയും ശീലിപ്പിക്കുന്നതിനും ഒന്ന്, രണ്ട് ക്ലാസുകളിലെ വിദ്യാർഥികൾക്ക് സംസ്ഥാനത്ത് ഡയറി എഴുത്ത് നിർബന്ധമാക്കി. എഴുന്നേൽക്കുന്നതു മുതൽ രാത്രി ഉറങ്ങുന്നതുവരെയുള്ള കാര്യങ്ങൾ അവരവരുടെ സ്വന്തം ഭാഷാ ശേഷി ഉപയോഗിച്ച് ഡയറിയിൽ എഴുതി വയ്‌ക്കുകയും ദിവസവും സ്‌കൂളിൽ ഡയറി കൊണ്ടുവരുകയും വേണം. ‘സമ്പൂർണ ഡയറി’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിക്ക് കുട്ടികളെ ഡയിറി എഴുത്ത് ശീലിപ്പിക്കുന്നതിനായി അധ്യപകർക്കുള്ള പരിശീലനം എസ്‌എസ്‌കെ പൂർത്തിയാക്കി. കഴിഞ്ഞ വർഷം ഏതാനും സ്‌കൂളുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ പദ്ധതിയിൽ കുട്ടികളിൽനിന്ന് ആവേശകരമായ പ്രതികരണമാണ് ഉണ്ടായത്. ഡയറി എഴുത്തിലൂടെ കുട്ടികളുടെ ഭാഷാ ശേഷി അനുദിനം വിസ്‌മയകരമാം വിധം പുരോഗമിക്കുന്നതായിരുന്നു അനുഭവം. തുടർന്നാണ് മുഴുവൻ സ്‌കൂളുകളിലെയും ഒന്ന്, രണ്ട് ക്ലാസുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കാൻ തീരുമാനിച്ചത്.