കസ്റ്റഡിയിലുളള പ്രതിയെ മെഡിക്കൽ പരിശോധനക്ക് ഹാജരാക്കുമ്പോൾ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് ക്രമസമാധാന ചുമതലയുള്ള എഡിജിപി സർക്കുലർ ഇറക്കി. അക്രമ സ്വഭാവമുള്ള വ്യക്തിയാണെങ്കിൽ പരിശോധന നടത്തുമ്പോൾ ഡോക്ടറുടെ സമീപത്തുനിന്നും മാറിനിൽക്കാൻ പാടില്ല. ഡോക്ടർ പൊലിസിനോട് മാറിനിൽക്കാൻ ആവശ്യപ്പെട്ടാൽ കസ്റ്റഡിയിലുള്ള ആളിനെ കാണാൻ പറ്റുന്ന ദൂരത്തിൽ മാറിനിൽക്കണം.
പരിശോധന സമയത്ത് മൂർച്ചയേറിയ വസ്തുക്കളുണ്ടെങ്കിൽ മാറ്റിവയ്ക്കണം. ഒരാളെ കസ്റ്റഡിയിലെടുക്കുമ്പോൾ അക്രമ സ്വഭാവം പ്രകടിപ്പിക്കാൻ സാധ്യതയുണ്ടോയെന്ന് മനസിലാക്കണം. അക്രമ സ്വഭാവമുണ്ടെങ്കിൽ മുൻകൂട്ടി ഡോക്ടറോട് പറയണം. സ്വകാര്യതയെ ഹനിക്കാത്ത രീതിയിൽ വീഡിയോ ചിത്രീകരിക്കുകയും വേണമെന്നാണ് നിർദ്ദേശം.
പ്രതിയെ വൈദ്യപരിശോധനക്ക് ഹാജരാക്കുമ്പോൾ പൊലിസുദ്യോഗസ്ഥർ ഒപ്പം പാടില്ലെന്ന പ്രോട്ടോകോളിൽ മാറ്റം വരുത്തണമെന്ന് പൊലിസ് ഓഫീസേഴ്സ് അസോഡിയേഷൻ പ്രമേയം പാസാക്കിയിരുന്നു. ഡോ. വന്ദനദാസിന്റെ കൊലപാതകം പൊലീസ് വീഴ്ചയായി മാത്രമാണ് ചിത്രീകരിച്ചത്. ഇതിന് പിന്നാലെ കൈവിലങ്ങില്ലേ, തോക്കില്ലേ തുടങ്ങിയ ചർച്ചകൾ വന്നിരുന്നു. എന്നാൽ പ്രതിക്ക് കൈവിലങ്ങിട്ടതിൻ്റെ പേരിൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെട്ടുവെന്നും വിലങ്ങണിയുന്നതിനുള്ള സുപ്രീം കോടതി വിധിയിൽ വ്യക്തവരുത്തണമെന്നും പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാസമ്മേളന പ്രമേയത്തിൽ ആവശ്യപ്പെട്ടിരുന്നു.