വന്ദേഭാരത് എക്സ്പ്രസുകളുടെ നിറം മാറ്റാൻ റെയിൽവേ ഒരുങ്ങുന്നതായി റിപ്പോർട്ട്. നിലവിലുള്ള വെള്ളയും നീലയും നിറത്തിന് പകരം കാവി കലർന്ന ഓറഞ്ചും ചാരനിറവുമായിരിക്കും വന്ദേഭാരത് കോച്ചുകൾക്ക് നൽകുകയെന്നാണ് റിപ്പോർട്ട്. ഇക്കാര്യത്തിൽ അന്തിമതീരുമാനം ഇതുവരെ വന്നിട്ടില്ല.
നിറംമാറ്റത്തിന് റെയിൽവേ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച ശേഷമായിരിക്കും തുടർ നടപടികൾ. ഇനി സർവീസ് ആരംഭിക്കുന്ന വന്ദേ ഭാരത് തീവണ്ടികളുടെ കോച്ചുകൾക്കാകും പുതിയ നിറം ലഭിക്കുകയെന്നാണ് വാർത്ത. കോച്ചുകൾ നിർമിക്കുന്ന ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐസിഎഫ്) പല നിറങ്ങൾ പരീക്ഷിച്ചു നോക്കുകയായിരുന്നു.
ഒടുവിൽ ഓറഞ്ച്-ഗ്രേ കോംബിനേഷനിലേക്ക് എത്തുകയും ഒരു കോച്ച് ഈ നിറത്തിൽ പെയിന്റ് ചെയ്ത് പരീക്ഷിക്കുകയും ചെയ്തിരുന്നു. നിലവിൽ രാജ്യമെമ്പാടും 26 വന്ദേഭാരത് തീവണ്ടികളാണ് സർവീസ് നടത്തുന്നത്. നിലവിലെ വെള്ള-നീല കോംബിനേഷൻ ഭംഗിയാണെങ്കിലും പൊടി പിടിച്ച് വേഗം മുഷിയുന്നതാണ് നിറം മാറ്റത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. എങ്കിലും നിറംമാറ്റുന്നതിന് കൃത്യമായ കാരണം റെയിൽവേ വ്യക്തമാക്കിയിട്ടില്ല.