പുതിയ ജിഎസ്ടി നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ

അഞ്ച് കോടിയിലധികം വാര്‍ഷിക വിറ്റുവരവുള്ള ബിസിനസ്സ് സ്ഥാപനങ്ങള്‍ ഇന്ന് മുതൽ ജി.എസ്.ടി ഇ-ഇന്‍വോയ്‌സ് സമര്‍പ്പിക്കണം. ഇതുവരെ 10 കോടിയിലധികം വാര്‍ഷിക വിറ്റുവരവുള്ളവർ മാത്രം ഇ-ഇന്‍വോയ്‌സ് സമർപ്പിച്ചാൽ മതിയായിരുന്നു. ഈ നിയമമാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ് ഭേദഗതി ചെയ്ത് 5 കോടി രൂപയായി കുറച്ചത്. ഇതോടെ ഇന്ന് മുതൽ കൂടുതല്‍ പേര്‍ ഇ-ഇന്‍വോയ്‌സ് സമര്‍പ്പിക്കേണ്ടി വരും.

500 കോടിയിലധികം വിറ്റുവരവുള്ള വൻകിട കമ്പനികൾക്കായാണ് ഇ-ഇൻവോയ്‌സിംഗ് ആദ്യം നടപ്പിലാക്കിയത്. 2020 ലാണ് ഇ-ഇന്‍വോയ്‌സ് അവതരിപ്പിച്ചത്. 2020 ഒക്ടോബർ 1 മുതൽ 500 കോടിയിൽ കൂടുതൽ വാർഷിക വരുമാനമുള്ള കമ്പനികൾ ഇ-ഇന്‍വോയ്‌സ് സമർപ്പിക്കണമായിരുന്നു. പിന്നീട് 2021 ജനുവരി 1 മുതൽ ഇത് 100 കോടിയാക്കി. 50 കോടി രൂപയിൽ കൂടുതൽ വിറ്റുവരവുള്ള കമ്പനികൾ 2021 ഏപ്രിൽ 1 മുതൽ ഇ-ഇന്‍വോയ്‌സ് സമർപ്പിക്കണമായിരുന്നു. 2022 ഏപ്രിൽ 1 മുതൽ ഇത് 20 കോടി രൂപയായി കുറഞ്ഞു. 2022 ഒക്ടോബർ 1 മുതൽ പരിധി 10 കോടി രൂപയായി കുറച്ചു. ഇപ്പോൾ മൂന്ന് വർഷംകൊണ്ട് അഞ്ച് കോടിയിലേക്ക് ചുരുക്കി.

അതേസമയം, ഓൺലൈൻ ഗെയിമിംഗിൽ ജിഎസ്ടി നടപ്പാക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാൻ ജിഎസ്ടി കൗൺസിൽ ഓഗസ്റ്റ് 02 ന് യോഗം ചേരും. എല്ലാ ഗെയിമുകൾക്കും 28% ചുമത്തണോ എന്ന കാര്യത്തിൽ വ്യാഴ്ച തീരുമാനമെടുത്തേക്കും.