പിജി ഡോക്ടർമാരുടെ സൂചനാ പണിമുടക്ക് ഇന്ന്, ഒപി പൂർണമായും ബഹിഷ്കരിക്കും

സംസ്ഥാനത്ത് ഇന്ന് പിജി ഡോക്ടർമാരുടെ 24 മണിക്കൂർ സൂചനാ പണിമുടക്ക്. അത്യാഹിത, ഐസിയു, ലേബർ റൂം വിഭാഗങ്ങളിൽ ഒഴികെ പിജി ഡോക്ടർമാരുടെ സേവനം ഉണ്ടാകില്ല. ഒപി പൂർണമായും ബഹിഷ്കരിക്കും. സ്റ്റൈപൻഡ് വർധന, ജോലി സുരക്ഷിതത്വം തുടങ്ങിയ വിഷയങ്ങളിൽ നൽകിയ ഉറപ്പ് സർക്കാർ പാലിച്ചില്ലെന്ന് ആരോപിച്ചാണ് പണിമുടക്ക്.

രാവിലെ 8 മുതല്‍ ശനി രാവിലെ 8 വരെയാണ് സൂചനാ പണിമുടക്കെന്ന് ആരോഗ്യ സര്‍വകലാശാലാ യൂണിയന്‍ കൗണ്‍സിലര്‍ ഡോ. അനന്ദു അറിയിച്ചു. ഡോ. വന്ദനയുടെ കൊലപാതകത്തെ തുടര്‍ന്ന് ഡോക്ടര്‍മാരുടെ പ്രതിനിധികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നു. എല്ലാ വര്‍ഷവും നാല് ശതമാനം സ്റ്റൈപ്പന്‍ഡ് വര്‍ധന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീര്‍പ്പാക്കിയതാണ്. 2019 മുതല്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം നടത്തിയതാണ്.

കൊവിഡ് സമയത്ത് സേവനം ചെയ്തതിന്റെ പേരില്‍ നല്കാമെന്ന് പറഞ്ഞ ആനുകൂല്യങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ആരോഗ്യ സര്‍വകലാശാലാ യൂണിയന്‍ ആരോപിക്കുന്നു. സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കില്‍ ഒക്ടോബറില്‍ അനിശ്ചിതകാലസമരം ആരംഭിക്കാനാണ് പിജി ഡോക്ടർമാരുടെ തീരുമാനം.