പാരിസ് ഡയമണ്ട് ലീഗിൽ ചരിത്രനേട്ടവുമായി മലയാളി താരം മുരളി ശ്രീശങ്കർ. 8.09 മീറ്റർ ചാടിയാണ് ശ്രീശങ്കർ മൂന്നാം സ്ഥാനം ഉറപ്പിച്ചത്. പുരുഷ ലോങ്ജംപിലെ ലോകത്തെ മുൻനിര താരങ്ങൾ മത്സരിച്ച ഡയമണ്ട് ലീഗിൽ മൂന്നാമത്തെ ജംപിലാണ് ശ്രീശങ്കർ 8.09 മീറ്റർ പിന്നിട്ടത്. നീരജ് ചോപ്രയ്ക്ക് ശേഷം ഡയമണ്ട് ലീഗിൽ മെഡൽ നേടുന്ന ഇന്ത്യൻ താരമാണ് മുരളി ശ്രീശങ്കർ.
ഡയമണ്ട് ലീഗിൽ ആദ്യ മൂന്നു സ്ഥാനങ്ങളിൽ എത്തിയ മൂന്നാമത്തെ ഇന്ത്യൻ താരമാണ് എം. ശ്രീശങ്കർ. ജാവലിൻത്രോ താരം നീരജ് ചോപ്ര, ഡിസ്കസ്ത്രോ താരം വികാസ് ഗൗഡ എന്നിവരാണ് മുൻപ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. കരിയറിലെ രണ്ടാമത്തെ ഡയമണ്ട് ലീഗ് മത്സരത്തിലാണ് ശ്രീശങ്കർ മൂന്നാം സ്ഥാനം കൈവരിച്ചത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ നടന്ന മൊണാക്കോ ഡയമണ്ട് ലീഗ് പുരുഷ വിഭാഗം ലോങ്ജംപിൽ ശ്രീശങ്കർ ആറാം സ്ഥാനത്തായിരുന്നു.