ഡൽഹിയിലെ ജവഹർ ലാൽ നെഹ്റുവിന്‍റെ പേരിലുളള മ്യൂസിയത്തിന്റെ പേര് മാറ്റി കേന്ദ്ര സർക്കാർ. നെഹ്‌റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറി (എൻഎംഎംഎൽ) ഔദ്യോഗികമായി ആഗസ്റ്റ് 14 മുതൽ പ്രൈം മിനിസ്റ്റേഴ്‌സ് മ്യൂസിയം ആൻഡ് ലൈബ്രറി സൊസൈറ്റി എന്ന് പുനർനാമകരണം ചെയ്തതായി മ്യൂസിയം ചെയർപേഴ്സൺ നൃപേന്ദ്ര മിശ്ര പറഞ്ഞു.
പുതിയ പേരിൽ ഔദ്യോഗിക മുദ്ര പതിപ്പിക്കുന്നതിന് ചില ഭരണപരമായ നടപടിക്രമങ്ങൾ ആവശ്യമാണ്. പേര് മാറ്റുന്നതിന് കഴിഞ്ഞ ദിവസം അന്തിമ അനുമതി ലഭിച്ചതായും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ജൂൺ പകുതിയോടെ നെഹ്റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറി സൊസൈറ്റിയുടെ പ്രത്യേക യോഗത്തിലാണ് പ്രൈംമിനിസ്റ്റേഴ്സ് മ്യൂസിയം ആൻഡ് ലൈബ്രറി സൊസൈറ്റി എന്നാക്കി പേര് മാറ്റാൻ തീരുമാനിച്ചത്. സൊസൈറ്റി വൈസ് പ്രസിഡന്റായ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അദ്ധ്യക്ഷതയിലാണ് യോഗം ചേർന്നിരുന്നത്.