നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കർഷകർക്ക് നൽകാനുള്ള തുക ഫെഡറൽ-കനറാ ബാങ്കുകൾ അടുത്ത മൂന്നുദിവസത്തിനകം പൂർണമായും വിതരണം ചെയ്യും. ഭക്ഷ്യമന്ത്രി ജി ആർ അനിലിന്റെ അധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന അവലോകന യോഗത്തിൽ ബാങ്ക് പ്രതിനിധികൾ ഇക്കാര്യം അറിയിച്ചു.
ചില സാങ്കേതിക തകരാറുള്ളതിനാൽ തുകവിതരണം പൂർത്തിയാക്കാൻ ഒരാഴ്ച വേണ്ടിവരുമെന്ന് എസ്ബിഐ യോഗത്തിൽ അറിയിച്ചു. സപ്ലൈകോ നെല്ല് സംഭരണത്തിനായി കൺസോർഷ്യം ബാങ്കുകളായ എസ്ബിഐ, കനറാ, ഫെഡറൽ ബാങ്കുകൾവഴി പിആർഎസ് വായ്പയായി 700 കോടി രൂപയാണ് കർഷകന് വിതരണം ചെയ്യുന്നത്.
ബാങ്കിലെത്തുന്ന കർഷകരെ സഹായിക്കാൻ ബ്രാഞ്ചുകളിൽ ഉദ്യോഗസ്ഥരെ നിയമിക്കുമെന്ന് കനറാ–ഫെഡറൽ ബാങ്ക് പ്രതിനിധികൾ പറഞ്ഞു. ബുധനാഴ്ച മുതൽ കർഷകരുടെ സംശയ നിവാരണത്തിനായി കൊച്ചിയിലെ സപ്ലൈകോ കേന്ദ്ര കാര്യാലയത്തിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. പ്രവൃത്തിദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ 0484–2207923 എന്ന നമ്പറിൽ ബന്ധപ്പെടാം.