നിയമസഭാംഗമായി ചുമതലയേൽക്കുന്നയാളുടെ ‘സത്യപ്രതിജ്ഞ അല്ലെങ്കിൽ സത്യവാചക’ത്തിൽ പാകത പോരെന്ന് നിയമസഭാ സമിതി. പകരം ‘ശപഥം അല്ലെങ്കിൽ പ്രതിജ്ഞ’ മതിയെന്ന് നിയമസഭാ നടപടികളുടെ പരിഷ്‌കരണത്തിനായി നിയോഗിച്ച അഡ്‌ഹോക് കമ്മിറ്റി നിർദേശിച്ചു.
ഭരണഘടനയുടെ അനുച്ഛേദം 188ന്റെ മലയാള പരിഭാഷയിൽ ‘Oath or affirmation’ എന്നതിന് ശപഥം അല്ലെങ്കിൽ പ്രതിജ്ഞ എന്നാണുള്ളത്. അതിനാൽ നിയമസഭ ചട്ടങ്ങളുടെ മലയാള പരിഭാഷയിലും ശപഥം അല്ലെങ്കിൽ പ്രതിജ്ഞ മതിയെന്ന് പാർലമെന്ററി മന്ത്രി കെ രാധാകൃഷ്‌ണൻ ചെയർമാനായ കമ്മിറ്റി നിയമസഭയ്‌ക്ക് നൽകിയ റിപ്പോർട്ടിൽ പറഞ്ഞു.
അംഗമായുള്ള പ്രതിജ്ഞയ്‌ക്ക് ലോക്‌സഭയിലെ കീഴ്‌വഴക്കം പാലിക്കണം. പുതിയ അംഗത്തിന്റെ പ്രതിജ്ഞയ്‌ക്കുമുമ്പേ, തെരഞ്ഞെടുക്കപ്പെട്ടതായുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ വിജ്ഞാപനം സഭയുടെ മേശപ്പുറത്തുവയ്‌ക്കണം. സത്യപ്രതിജ്ഞയ്‌ക്കുശേഷം അംഗങ്ങൾ ഒപ്പിടുന്ന പുസ്‌തകം (Roll of members) ‘ഹാജർ പട്ടിക’ മാത്രമായി കാണാനാകില്ലെന്ന് കമ്മിറ്റി പറയുന്നു. ‘അംഗത്വ പട്ടിക’ എന്നതാണ് ശുപാർശ. സ്‌പീക്കർ, ഡെപ്യൂട്ടി സ്‌പീക്കർ തെരഞ്ഞെടുപ്പിന് കടലാസിൽ തയ്യാറാക്കുന്ന നാമനിർദേശപത്രികയും നേരിട്ടുള്ള വോട്ടെടുപ്പ് രീതിയും പിന്തുടരുന്നത് ഉത്തമമെന്നും നിർദേശമുണ്ട്.
സ്‌പീക്കറുടെയും ഡെപ്യൂട്ടി സ്‌പീക്കറുടെയും അഭാവത്തിൽ സഭ നിയന്ത്രിക്കാൻ ഒരു സഭാസമ്മേളന കാലയളവിലേക്ക് ചുമതലപ്പെടുത്തുന്ന മൂന്നുപേരുടെ പാനലിനെ ചെയർമാൻമാരുടെ പാനൽ എന്നതിനു പകരം പാനൽ ഓഫ് ചെയർപേഴ്‌സൺസ് എന്നാക്കണം. സ്‌ത്രീപങ്കാളിത്തം ഉള്ളതിനാലാണിത്. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൻമേൽ ‘നന്ദി പ്രമേയ’ ചർച്ച ഒഴിവാകും. ‘നന്ദി ഉപക്ഷേപ’മായിരിക്കും അവതരിപ്പിക്കുക. ‘motion’ എന്ന ഇംഗ്ലീഷ് വാക്കിനുതുല്യമായി ഉപയോഗിച്ചിരിക്കുന്ന ‘പ്രമേയ’ത്തിലാണ് തിരുത്തൽ.
അനൗദ്യോഗിക ബിൽ അവതരണത്തിന് നറുക്കെടുപ്പിലൂടെ അനുമതി ലഭിക്കുന്ന അംഗത്തിന്, ആ ദിവസം സഭ ചേരാതിരിക്കുന്നതുമൂലം അവസരം ലഭിച്ചില്ലെങ്കിൽ മറ്റൊരു ദിവസം ഉറപ്പാക്കണം. ചോദ്യോത്തര വേളയിൽ നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങൾക്കെല്ലാം ഉത്തരം അതത് ദിവസം രാവിലെ 8.30ന് ബന്ധപ്പെട്ട മന്ത്രി ഇ–നിയമസഭ പോർട്ടലിൽ ലഭ്യമാക്കിയാൽ മതി. ഉത്തരം സംക്ഷിപ്‌തമാക്കുകയോ മേശപ്പുറത്ത് വയ്‌ക്കുകയോ ആകാം. ഇതിലൂടെ സഭ തുടങ്ങുമ്പോൾ ചോദ്യകർത്താവിന് നേരിട്ട് ഉപചോദ്യത്തിലേക്ക് കടക്കാനാകും. ഉപചോദ്യവും ചുരുക്കണം. ഇത് പ്രധാന ചോദ്യവുമായി ബന്ധപ്പെട്ടതായിരിക്കണം. അതത് സഭാ സമ്മേളന കാലയളവിൽത്തന്നെ ഉന്നയിച്ച ചോദ്യത്തിന് ഉത്തരം ഉറപ്പാക്കണം എന്നതുൾപ്പെടെ വിവിധ നിർദേശങ്ങളും റിപ്പോർട്ടുണ്ട്.
സമഗ്ര പരിഷ്‌കരണം രണ്ടാംതവണ
കേരള നിയമസഭയുടെ നടപടിക്രമ, കാര്യനിർവഹണ ചട്ടങ്ങൾ ചരിത്രത്തിലെ രണ്ടാമത്തെ സമഗ്ര പരിഷ്‌കരണത്തിനാണ് വിധേയമാകുന്നത്. തിരു–-കൊച്ചിയിൽ 1954 ആഗസ്‌ത് 31ന് നിലവിൽവന്ന ചട്ടങ്ങളാണ് 1956ൽ സംസ്ഥാന പുനഃസംഘടനയോടെ കേരള നിയമസഭയുടെ ഭാഗമായത്. കാലാനുസൃതമായ ചെറിയ മാറ്റങ്ങൾക്ക് വിധേയമായെങ്കിലും, 2009ൽ ആയിരുന്നു ആദ്യ സമഗ്രപരിഷ്‌കരണം. നേതൃത്വം നൽകിയത് അന്നത്തെ സ്‌പീക്കർ കെ രാധാകൃഷ്‌ണനും.
പൂർണ കടലാസ് രഹിത ഇ– നിയമസഭ പദ്ധതി നടത്തിപ്പ് അതിവേഗം മുന്നേറുന്ന സാഹചര്യത്തിലാണ് അതിനനുസൃതമായ മാറ്റങ്ങൾ ഉറപ്പാക്കാനുള്ള നടപടികൾക്ക് ഈ നിയമസഭയും തുടക്കമിട്ടത്. 2021 ആഗസ്‌ത് 21ന് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ അഡ്‌ഹോക് കമ്മിറ്റിയെ സഭ ചുമതലപ്പെടുത്തി. പാർലമെന്ററി മന്ത്രി എന്നനിലയിൽ കെ രാധാകൃഷ്‌ണൻതന്നെ പുതിയ ദൗത്യത്തിന്റെയും നേതൃത്വത്തിലെത്തി.
അഡ്‌ഹോക് കമ്മിറ്റി റിപ്പോർട്ട് സ്‌പീക്കർ അനൗദ്യോഗിക ചെയർമാനായ സമിതി പരിഗണിച്ച് അന്തിമമാക്കും. തുടർന്ന് നിയമസഭയിൽ അവതരിപ്പിച്ച് അംഗീകാരം നേടി നടപ്പാക്കും.