പതിനഞ്ചാം കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളനം ആഗസ്റ്റ് 7 തിങ്കളാഴ്ച മുതൽ ആരംഭിച്ച് 24ന് അവസാനിക്കും. പ്രധാനമായും നിയമ നിര്‍മ്മാണത്തിനായുള്ള സമ്മേളനം12 ദിവസം ചേരുമെന്നും സുപ്രധാന ബില്ലുകള്‍ പരിഗണിക്കുമെന്നും സ്പീക്കർ അറിയിച്ചു.
സമ്മേളനത്തിന്റെ ആദ്യദിനമായ തിങ്കളാഴ്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിയതിനു ശേഷം മറ്റു നടപടികളിലേക്ക് കടക്കാതെ സഭ പിരിയും. ആഗസ്റ്റ് 11, 18 തീയതികള്‍ അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങള്‍ക്കായിട്ടാണ് വിനിയോഗിക്കുന്നത്.
2023-24 സാമ്പത്തിക വര്‍ഷത്തെ ബജറ്റിലെ ഉപധനാഭ്യര്‍ത്ഥനകളുടെ പരിഗണന ആഗസ്റ്റ് 21 തിങ്കളാഴ്ച നടത്തും. മറ്റ് ദിവസങ്ങളിലെ നിയമനിര്‍മ്മാണത്തിനായി മാറ്റിവയ്ക്കപ്പെട്ട സമയങ്ങളില്‍ സഭ പരിഗണിക്കേണ്ട ബില്ലുകള്‍ ഏതൊക്കെയാണെന്നത് 7ന് ചേരുന്ന കാര്യോപദേശക സമിതി നിർദേശപ്രകാരം ക്രമീകരിക്കുന്നതാണ്. ആശുപത്രികൾക്കും ആരോഗ്യപ്രവർത്തകർക്കും സംരക്ഷണം ഉറപ്പാക്കുന്ന ഓർഡിനൻസിന് പകരമുള്ള ബിൽ, സഹകരണ നിയമ ഭേദഗതി ബിൽ തുടങ്ങിയവ ഈ സമ്മേളനത്തിൽ വരും. ആഗസ്ത് 14നും 15നും സഭ ചേരില്ല.