നിപ സംശയം: ചികിത്സയില്‍ നാലുപേര്‍, സമ്പര്‍ക്കപ്പട്ടികയില്‍ 75 പേര്‍

നിപ സംശയത്തെത്തുടർന്ന് കോഴിക്കോട് നാലുപേർ ചികിത്സയിലെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. മരിച്ച വ്യക്തിയുടെ ഭാര്യയും കുട്ടികളും അടക്കമാണ് ചികിത്സയിൽ ഉള്ളത്. ഒമ്പതു വയസുള്ള കുട്ടി വെന്റിലേറ്ററിലാണ്. പത്തുമാസം പ്രായമുള്ള കുട്ടിയും ചികിത്സയിലുണ്ട്. ആരുടേയും നില ഗുരുതരമല്ലെന്ന് ആരോഗ്യമന്ത്രി ഉന്നതതലയോഗത്തിന് ശേഷം പറഞ്ഞു. നിലവിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ജാഗ്രതപാലിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പനിവിവരം അറിഞ്ഞ ഉടൻ തന്നെ ആരോഗ്യവകുപ്പ് സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. നിലവിൽ 75 പേരുടെ സമ്പർക്ക പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളത്. കഴിഞ്ഞ ദിവസം തന്നെ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ചിരുന്നു. പ്രാഥമിക സമ്പർക്കമാണ് ആണ് എല്ലാം. ഹൈ റിസ്കിലും ഇവർ ഉൾപ്പെടുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. പൂണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പരിശോധനാഫലം ലഭിച്ചാൽ മാത്രമേ നിപ സംബന്ധിച്ച് കൂടുതൽ വ്യക്തത വരൂ എന്നും മന്ത്രി കൂട്ടിച്ചേർത്തു.

കോഴിക്കോട്ട് കൺട്രോൾ റൂം തുറക്കാൻ തീരുമാനിച്ചിട്ടുണ്ട്. 16 കോർ കമ്മിറ്റികൾ രൂപീകരിച്ച് 16 ഉദ്യോഗസ്ഥർക്ക് ചുമതല നൽകി. സ്വീകരിക്കേണ്ട മുന്നൊരുക്ക പ്രവർത്തനങ്ങൾ, ജാഗ്രതാ പ്രവർത്തനങ്ങൾ, പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ച് ഇടപെടലുകൾ നടന്നു വരുന്നു. വൈകിട്ട് മന്ത്രിമാരുടേയും ജനപ്രതിനിധികളുടേയും യോഗം ചേരും.

എല്ലാ ആശുപത്രികളിലും മാസ്ക്, പിപി കിറ്റ് അടക്കമുള്ള ഇൻഫെക്ഷൻ കൺട്രോൾ പ്രോട്ടോക്കോൾ ആരോഗ്യപ്രവർത്തകർ പാലിക്കണം. അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ പരമാവധി ഒഴിവാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.