നിപാ: കോട്ടയം ജില്ലയിലും ജാഗ്രത

സംസ്ഥാനത്ത് നിപാ വൈറസ്ബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന്‌ കോട്ടയം ജില്ലയിലും അതീവ ജാഗ്രത. സംസ്ഥാനത്ത്‌ നിപാ സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടികയിലുള്ള ആരും നിലവിൽ ജില്ലയിൽ ഇല്ല.

പ്രാഥമിക സമ്പർക്കപട്ടികയിൽ ആരെങ്കിലും ഉൾപ്പെട്ടാൽ അവരെ നിരീക്ഷിക്കുന്നതിന്‌ കോട്ടയം മെഡിക്കൽ കോളേജിൽ സൗകര്യം ഒരുക്കി. ഇതിനായി 17 കിടക്കകളുള്ള ഐസൊലേഷൻ വാർഡ് സജ്ജമാക്കി. രോഗ ലക്ഷണമുണ്ടായാൽ ചികിത്സിക്കാൻ ഒൻപത് കിടക്കകളുള്ള ഐസിയുവും ഒരുക്കിയിട്ടുണ്ട്. വിവിധ വിഭാഗങ്ങളുടെ ഏകോപനത്തിന്‌ മെഡിക്കൽ കോളേജിൽ കൺട്രോൾ റൂം പ്രവർത്തിക്കും.

പനി ബാധിതരെ പരിശോധിക്കാൻ മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തോട് ചേർന്ന് പ്രത്യേക പനി ക്ലിനിക്ക് പ്രവർത്തിക്കും.
സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവർക്ക് രോഗ ലക്ഷണമുണ്ടായാൽ സാംപിൾ ആലപ്പുഴ ഇൻസ്റ്റിറ്റ്യൂട്ടിൽ അയക്കും. ആവശ്യമായ മരുന്നുകൾ, പിപിഇ കിറ്റ്, കയ്യുറകൾ, എന്നിവയുടെ ലഭ്യത ഉറപ്പാക്കും.

ശ്രദ്ധിക്കേണ്ടവ

  1. പൊതുജനങ്ങൾ അനാവശ്യ രോഗീസന്ദർശനം ഒഴിവാക്കണം.
    2. ആരോഗ്യ പ്രവർത്തകരും രോഗികളും കൂട്ടിരിപ്പുകാരും ആശുപത്രിക്കുള്ളിൽ മാസ്‌ക് ധരിക്കുന്നതു വിവിധ രോഗങ്ങൾ പകരുന്നത് തടയും.
    3. പഴങ്ങൾ വൃത്തിയായി കഴുകി മാത്രം ഉപയോഗിക്കുക, പക്ഷികളോ മൃഗങ്ങളോ, വവ്വാലുകളോ കടിച്ചതായി സംശയമുള്ള പഴങ്ങൾ കഴിക്കരുത്‌.
    4. പകർച്ച വ്യാധികൾ സംബന്ധിച്ച വ്യാജ വാർത്തകൾ നിർമിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും.