വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് നാളെ മുതൽ ഒക്ടോബർ 8 വരെ സംസ്ഥാനത്തെ എല്ലാ വന്യജീവി സങ്കേതങ്ങളിലും പ്രവേശനം സൗജന്യമായിരിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു. ഒക്ടോബർ 2 മുതൽ 8 വരെയാണ് വന്യജീവി വാരാഘോഷം. ദേശീയോദ്യാനങ്ങളിലും ടൈഗർ റിസർവുകളിലും പ്രവേശനം സൗജന്യമാണ്. എന്നാൽ ഇത്തരം കേന്ദ്രങ്ങളിൽ നൽകിവരുന്ന മറ്റു സേവനങ്ങൾക്ക് നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള ഫീസുകൾ ബാധകമായിരിക്കുമെന്നും വനം വകുപ്പ് അറിയിച്ചു.
വാരാഘോഷത്തോടനുബന്ധിച്ച് വിവിധ മത്സര പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. മത്സര പരിപാടികളിൽ വിജയിക്കുന്നവർക്ക് ഒക്ടോബർ 8 മുതൽ ഒരു വർഷക്കാലത്തേയ്ക്ക് എല്ലാ സംരക്ഷണ പ്രദേശങ്ങളിലും പ്രവേശനം സൗജന്യമാക്കിയിട്ടുണ്ട്.
ആഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം രണ്ടിന് രാവിലെ പത്തിന് തൃശൂർ സുവോളജിക്കൽ പാർക്കിൽ വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിക്കും. സുവോളജിക്കൽ പാർക്ക് സബ് സ്റ്റേഷൻ ഉദ്ഘാടനം വൈദ്യുതി വകുപ്പു മന്ത്രി കെ കൃഷ്ണൻ കുട്ടിയും തൃശൂർ മൃഗശാലയിൽ നിന്നുള്ള മയിലുകളുടെ കൈമാറ്റം മൃഗസംരക്ഷണ വകുപ്പു മന്ത്രി ജെ ചിഞ്ചുറാണിയും അന്നു തന്നെ നിർവ്വഹിക്കും.