നാലുവർഷബിരുദത്തി നുചേർന്ന 42 ശതമാനം വിദ്യാർഥികൾക്കും നാലാംവർഷത്തെ ഓണേഴ്സ് പഠനത്തിന് താത്പര്യം. ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ നിർദേശമനുസരിച്ച്, വിദ്യാർഥികളുടെ മനസ്സറിയാൻ കോളേജുകളിൽ നടത്തിയ സർവേയാണ് ഇക്കാര്യം വെളിവാക്കുന്നത്.
സംസ്ഥാനതലസർവേയിൽ 66,014 വിദ്യാർഥികൾ പങ്കെടുത്തു. വ്യക്തിഗത വിവരങ്ങൾ ശേഖരിക്കാതെയാണ് സർവേ സംഘടിപ്പിച്ചതെന്ന് അധികൃതർ പറഞ്ഞു.
എല്ലാ സർവകലാശാലകളും ക്ലാസുകൾ കേന്ദ്രീകരിച്ച് സർവേ നടത്തി. 28,808 വിദ്യാർഥികൾ നാലാം വർഷ ഓണേഴ്സോ ഓണേഴ്സ് വിത്ത് റിസർച്ചോ പഠിക്കാൻ താത്പര്യം പ്രകടിപ്പിച്ചു. 5468 പേർ രണ്ടുവർഷ പി.ജി. കോഴ്സിൽ ചേരാനും 7123 പേർ തൊഴിൽ തേടാനും 3574 പേർ മത്സരപരീക്ഷകൾക്കായി തയ്യാറെടുക്കാനും താത്പര്യം വ്യക്തമാക്കി. കേരളത്തിന് പുറത്തുള്ള ഉപരിപഠനത്തിന് 2148 പേരും വിദേശ ഉപരിപഠനത്തിന് 1388 പേരും താത്പര്യമറിയിച്ചു. 20,752 പേർ തുടർപഠനത്തിൽ തീരുമാനമെടുത്തിട്ടില്ല.
നാലാം വർഷത്തിലേക്ക് തുടരുമോ എന്നായിരുന്നു ചോദ്യം. 13,912 പേർ ‘തീർച്ചയായും’ എന്നും 12,865 പേർ ‘മിക്കവാറും’ എന്നും ഉത്തരം നൽകി. ഓണേഴ്സിന് 12,780 വിദ്യാർഥികളും ഓണേഴ്സ‌് ഗവേഷണത്തിന് 11,563 പേരും താത്പര്യം പ്രകടിപ്പിച്ചു. കൂടുതൽ അക്കാദമിക മാർഗനിർദേശം ആവശ്യമുണ്ടെന്ന് 20,181 വിദ്യാർഥികൾ അറിയിച്ചു.
സർവേ പൂർത്തിയാക്കാനാവാത്ത കോളേജുകളിൽ വ്യാഴാഴ്‌ചയും അത് തുടരും. വിദ്യാർഥികളുടെ താത്പര്യങ്ങളും പ്രതീക്ഷകളും തിരിച്ചറിഞ്ഞ് അക്കാദമിക, ഗവേഷണ, നൈപുണ്യ സംവിധാനങ്ങൾ മുൻകൂട്ടി ആസൂത്രണംചെയ്യാൻ ലക്ഷ്യമിട്ടാണ് സർവേ സംഘടിപ്പിച്ചതെന്ന് കൗൺസിൽ ഉപാധ്യക്ഷൻ ഡോ. എസ്. അച്യുത് ശങ്കർ പറഞ്ഞു.
