നാനോടെക്നോളജിയില്‍ മുന്നേറ്റം നടത്തിയ മൂന്നുപേര്‍ക്ക് രസതന്ത്ര നൊബേൽ

നാനോ ടെക്നോളജിയില്‍ മുന്നേറ്റം നടത്തിയ മൂന്നു യുഎസ് ഗവേഷകര്‍ 2023 ലെ രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹരായി. ക്വാണ്ടം ഡോട്ടുകള്‍ കണ്ടെത്തി വികസിപ്പിച്ച മൗംഗി ജി. ബവേന്‍ഡി, ലൂയിസ് ഇ. ബ്രുസ്, അലെക്സി ഐ. ഇക്കിമോവ് എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്.

ടെലിവിഷനും എല്‍.ഇ.ഡി. വിളക്കുകളും മുതല്‍ സര്‍ജറിയുടെ രംഗത്ത് വരെ നാനോ ഡോട്ടുകളുടെ കണ്ടെത്തല്‍ ഇന്ന് പ്രയോഗിക്കപ്പെടുന്നു.

അലക്‌സി എക്കിമോവാണ് 1981ല്‍ ആദ്യമായി ക്വാണ്ടം ഡോട്ട്‌സ് എന്ന ആശയം ശാസ്ത്രലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്നത്. അതീവ സൂക്ഷ്മമായ, നാനോ സെമികണ്ടക്ടര്‍ പാര്‍ട്ടിക്കിളുകളാണ് ക്വാണ്ടം ഡോട്ട്‌സ്. കോശങ്ങളുടെയും കലകളുടെയും സൂക്ഷ്മ വിവരങ്ങള്‍ വരെയെടുത്ത് പ്രദര്‍ശിപ്പിക്കാനും കാന്‍സര്‍ ചികിത്സയിലുമെല്ലാം ഇവ വളരെ നിര്‍ണായകമായ ഘടകമായിട്ടുണ്ട്.