നവീകരിച്ച ഈരാറ്റുപേട്ട – വാഗമൺ റോഡ്‌ ജൂണ്‍ ഏഴിന് നാടിന് സമർപ്പിക്കും

കാത്തിരിപ്പിന്‌ വിരാമംകുറിച്ച്‌ നവീകരിച്ച ഈരാറ്റുപേട്ട – വാഗമൺ റോഡ്‌ ജനങ്ങൾക്ക്‌ സമർപ്പിക്കുന്നു. ജൂണ്‍ ഏഴിന് വൈകിട്ട്‌ നാലിന്‌ ഈരാറ്റുപേട്ട സെൻട്രൽ ജങ്‌ഷനിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് റോഡ്‌ ഉദ്‌ഘാടനംചെയ്യും. വർഷങ്ങളായി തകർന്ന്‌ കിടന്ന റോഡ് 20 കോടി രൂപ അനുവദിച്ചാണ്‌ ആധുനിക നിലവാരത്തിലേക്ക് ഉയർത്തിയത്. ബിഎം ആൻഡ് ബിസി നിലവാരത്തിൽ റീ ടാറിങ് നടത്തി സൈഡ് കോൺക്രീറ്റിങ്, ഓട നിർമാണം, കലുങ്ക് നിർമാണം, സംരക്ഷണഭിത്തികൾ തുടങ്ങിയവ പൂർത്തീകരിച്ചു. കൂടാതെ കൂടുതൽ സ്ഥലം ഏറ്റെടുത്ത് വീതികൂട്ടി റീടാർ ചെയ്യാൻ 64 കോടി രൂപ കിഫ്ബി മുഖേനയും അനുവദിച്ചിട്ടുണ്ട്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കായിരുന്നു നിർമാണ ചുമതല.

ആദ്യഘട്ടമായി തീക്കോയി മുതൽ വാഗമൺവരെ ഭാഗത്ത് ഏറ്റവും മോശമായി കിടന്ന റോഡ് ഡബ്ല്യുഎംഎം ജിഎസ്ബി ഉപയോഗിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ പുനർനിർമിച്ചു. വാഗമൺവരെ ശേഷിക്കുന്ന ഭാഗത്ത് പുതുപാതയിൽ ഒന്നാംഘട്ട ബിഎം ടാറിങ്ങും തുടർന്ന് രണ്ടാംഘട്ട ഉപരിതല ടാറിങ്ങും പൂർത്തീകരിച്ചു. മഴവെള്ളപ്പാച്ചിലിൽ റോഡ് തകരാൻ സാധ്യതയുള്ളിടത്ത്‌ ഇരുവശങ്ങളിലും മറ്റിടങ്ങളിൽ ഒരുവശത്തും ഉപരിതല ഓടകളും നിർമിച്ചു. സുരക്ഷിതയാത്ര ഉറപ്പാക്കാനായി തെർമോ പ്ലാസ്റ്റിക് റോഡ് മാർക്കിങ്, റോഡ് സ്റ്റഡ്സ്, ദിശാബോർഡുകൾ, വിവിധ തരത്തിലുള്ള സുരക്ഷാ മുന്നറിയിപ്പ് ബോർഡുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.