തെരുവു നായകളെ ദയാവധം ചെയ്യുന്നതിനുള്ള ചട്ടം നടപ്പാക്കും. മാരകമായ മുറിവുള്ള, എന്നാല്‍ ചികിസിച്ചു ഭേദമാക്കാന്‍ പറ്റാത്ത രോഗങ്ങളുള്ള തെരുവുനായകളെ ദയാവധത്തിന് ഇരയാക്കുമെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു. സംസ്ഥാനത്ത് ആവശ്യത്തിന് വാക്‌സിന്‍ ഉണ്ട്. നിലവില്‍ 20 എബിസി കേന്ദ്രങ്ങളാണ് ഉള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നിയമങ്ങളുടെയും കോടതി വിധികളുടെയും പരിമിതികളില്‍ നിന്ന് മാത്രമേ തീരുമാനം എടുക്കാനാവൂ. മൃഗസംരക്ഷണ വകുപ്പ് മൃഗസ്‌നേഹികളുടെ യോഗം വിളിച്ചു ചേര്‍ക്കും. എബിസി കേന്ദ്രങ്ങള്‍ക്ക് അവരുടെ പിന്തുണ കൂടി തേടും. 25 എബിസി കേന്ദ്രങ്ങള്‍ കൂടി ഉടന്‍ പ്രവത്തനസജ്ജമാക്കും.
മൊബൈല്‍ എബിസി കേന്ദ്രങ്ങള്‍ തുടങ്ങും. സ്ഥലസൗകര്യമുള്ള മൃഗാശുപത്രികളിലും എബിസി കേന്ദ്രങ്ങള്‍ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍, നിലവിലെ എബിസി നിയമം തെരുവ് നായ നിയന്ത്രണം അസാധ്യമാക്കുന്നതാണ്. ഈ ചട്ടങ്ങള്‍ ഭേദഗതി ചെയ്യണം. ഇതിനായി കോടതിയെ സമീപിക്കും. അക്രമകാരിയായ നായകളെ കൊല്ലണമെന്ന ആവശ്യവും കോടതിയുടെ ശ്രദ്ധയില്‍പെടുത്തുമെന്നും മന്ത്രി പറഞ്ഞു.