തലച്ചോറിൽ വളരുന്ന അർബുദ മുഴകളിൽ സർവസാധാരണമായ ഒന്നാണ് ഗ്ലിയോമ. ഗ്ലിയൽ കോശങ്ങളിൽ ആരംഭിക്കുന്ന ഈ അർബുദ മുഴ വളരെ വേഗം മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിക്കാൻ സാധ്യതയുണ്ട്. ഈ മുഴകളെ നേരത്തെ കണ്ടെത്താൻ സഹായിക്കുന്ന ചെലവ് കുറഞ്ഞ രക്തപരിശോധന വികസിപ്പിച്ചിരിക്കുകയാണ് ഡൽഹിയിലെ സർ ഗംഗ റാം ഹോസ്പിറ്റലിലെ ഗവേഷകർ. തലച്ചോറിലെ മുഴ നേരത്തെ കണ്ടെത്താനും രോഗികളുടെ അതിജീവന നിരക്ക് വർധിപ്പിക്കാനും ഈ പരിശോധന സഹായിക്കും.
ഗ്ലിയോമ രോഗികളുടെ ശരാശരി ജീവിത ദൈർഘ്യം ആറ് മുതൽ 15 മാസമാണ്. നാളിതു വരെ ഇത് നേരത്തെ കണ്ടെത്തുന്നതിനുള്ള ഉപാധികളൊന്നും നിലവിലുണ്ടായിരുന്നില്ല. എന്നാൽ ഗാലക്ടിൻ-3 എന്ന ബൈൻഡിങ് പ്രോട്ടീനിന്റെ സാന്നിധ്യം രക്തത്തിൽ തിരിച്ചറിയുക വഴി ഗ്ലിയോമ മുൻകൂട്ടി കണ്ടെത്താൻ കഴിയുമെന്ന് ഗവേഷകർ പറയുന്നു. ഈ ട്യൂമർ വളർച്ചയുടെ തീവ്രതയും ഈ പരിശോധനയിലൂടെ കണ്ടെത്താൻ സാധിക്കും.
തലച്ചോറിൽ അർബുദമുഴകളുള്ള ഗ്രേഡ് 1, 2, 3 രോഗികളിലാണ് ഗവേഷണം നടത്തിയത്. 2017-ൽ ആരംഭിച്ച പഠനത്തിന്റെ ഭാഗമായി രോഗികളുടെ പ്ലാസ്മയിൽ നിന്ന് പ്രോട്ടീനുകൾ വേർതിരിച്ചു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ സഹായത്തോടെയായിരുന്നു ഗവേഷണം.